റിയാദ് നഗരത്തിൽ പാർക്കിങ് നിയന്ത്രണം കൂടുതൽ ഇടങ്ങളിലേക്ക്; നാളെ മുതൽ രണ്ട് ഡിസ്ട്രിക്റ്റുകളിൽ കൂടി പുതിയ നിയമം
റിയാദ് നഗരത്തിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി നടപ്പിലാക്കുന്ന നിയന്ത്രിത പാർക്കിങ് സംവിധാനം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ഞായറാഴ്ച മുതൽ അൽ മുഗ്രസാത്ത്, അൽ നുസ്ഹ എന്നീ ഡിസ്ട്രിക്റ്റുകളിൽ കൂടി പുതിയ പാർക്കിങ് നിയമങ്ങൾ നിലവിൽ വരുമെന്ന് ‘റിയാദ് പാർക്കിങ്’ അധികൃതർ അറിയിച്ചു. ഇതോടെ പദ്ധതി നടപ്പിലാക്കിയ ഡിസ്ട്രിക്റ്റുകളുടെ എണ്ണം 15 ആയി ഉയർന്നു.
വാണിജ്യ മേഖലകളിലെ പാർക്കിങ് ക്രമീകരിക്കാനും, വാഹനങ്ങൾ അനധികൃതമായി പാർപ്പിട മേഖലകളിലേക്ക് പ്രവേശിക്കുന്നത് തടയാനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. നേരത്തെ അൽ വുറൂദ്, അൽ റഹ്മാനിയ, അൽ മുറൂജ് ഉൾപ്പെടെയുള്ള 13 ഡിസ്ട്രിക്റ്റുകളിൽ ഈ പദ്ധതി വിജയകരമായി നടപ്പിലാക്കിയിരുന്നു. തെരുവുകളിലെ ക്രമരഹിതമായ പാർക്കിങ് ഒഴിവാക്കുന്നതിലൂടെ താമസക്കാർക്കും സന്ദർശകർക്കും സുഗമമായ വാഹനസഞ്ചാരം ഉറപ്പാക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
താമസക്കാർക്ക് സൗജന്യ പെർമിറ്റ്: ഡിസ്ട്രിക്റ്റിലെ താമസക്കാർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും (മാതാപിതാക്കൾ, മക്കൾ) ഒരു വർഷം കാലാവധിയുള്ള സൗജന്യ പാർക്കിങ് പെർമിറ്റുകൾ ലഭിക്കും. ‘റിയാദ് പാർക്കിങ്’ ആപ്പ് വഴി പെർമിറ്റുകൾക്കായി അപേക്ഷിക്കാവുന്നതാണ്. കൂടാതെ, താമസക്കാരുടെ അതിഥികൾക്കായി പ്രത്യേക സൗജന്യ വിസിറ്റർ പെർമിറ്റുകളും ആപ്പിലൂടെ ലഭ്യമാകും.
പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി പ്രദേശവാസികൾക്ക് മൊബൈൽ സന്ദേശങ്ങൾ വഴി ബോധവൽക്കരണം നൽകുന്നുണ്ട്. പെർമിറ്റില്ലാത്ത വാഹനങ്ങൾ പാർപ്പിട മേഖലകളിൽ പാർക്ക് ചെയ്യുന്നത് നിരീക്ഷിക്കാൻ പ്രത്യേക സംവിധാനവും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. 2026 അവസാനത്തോടെ കൂടുതൽ ഡിസ്ട്രിക്റ്റുകളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കാനാണ് റിയാദ് പാർക്കിങ് ലക്ഷ്യമിടുന്നത്.