മയാമി വിമാനത്താവളത്തിൽ യാത്രാവിമാനവും ചരക്കുവിമാനവും കൂട്ടിയിടിച്ചു; യാത്രക്കാർ സുരക്ഷിതർ
അമേരിക്കയിലെ ഫ്ലോറിഡയിലുള്ള മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രാവിമാനവും ചരക്കുവിമാനവും കൂട്ടിയിടിച്ചു. യുപിഎസ് കമ്പനിയുടെ ബോയിങ് 767 ചരക്കുവിമാനവും കോപ എയർലൈൻസിന്റെ ബോയിങ് 737 യാത്രാവിമാനവുമാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാത്രി പ്രാദേശിക സമയം 9.15-ഓടെയായിരുന്നു സംഭവം. അപകടത്തിൽ രണ്ട് യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റതൊഴിച്ചാൽ മറ്റ് അപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
മയാമിയിൽ നിന്ന് കൊളംബിയയിലെ ബൊഗോട്ടയിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്ന യുപിഎസ് ചരക്കുവിമാനവും, പാനമയിൽ നിന്ന് ലാൻഡ് ചെയ്തെത്തിയ കോപ എയർലൈൻസ് വിമാനവുമാണ് കൂട്ടിയിടിച്ചത്. ലാൻഡ് ചെയ്ത കോപ എയർലൈൻസ് വിമാനത്തിന് വഴിമാറിക്കൊടുക്കാൻ എയർ ട്രാഫിക് കൺട്രോളർ (എടിസി) യുപിഎസ് വിമാനത്തിലെ ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ യുപിഎസ് വിമാനം മുന്നോട്ടുനീങ്ങിയതോടെ കോപ വിമാനത്തിന്റെ പാതയിലേക്ക് എത്തുകയും ഒരു വിമാനത്തിന്റെ ചിറക് മറ്റൊന്നിൽ തട്ടുകയുമായിരുന്നുവെന്നാണ് എടിസി ആശയവിനിമയങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
കൂട്ടിയിടിയിൽ യുപിഎസ് വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചതിന്റെ ദൃശ്യങ്ങൾ കോപ എയർലൈൻസിലെ ഒരു യാത്രക്കാരൻ പകർത്തിയിട്ടുണ്ട്. അപകടത്തിന് പിന്നാലെ ഇരു വിമാനങ്ങളും വെവ്വേറെ ടാക്സിവേകളിലേക്ക് മാറ്റി. പരിക്കേറ്റ രണ്ട് യാത്രക്കാരുടേതും വൈദ്യസഹായം ആവശ്യമില്ലാത്തത്ര നിസ്സാര പരിക്കുകളാണെന്ന് അധികൃതർ വ്യക്തമാക്കി. സംഭവം വിമാനത്താവളത്തിന്റെ സാധാരണ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ല.