പാസ്‌പോർട്ട് സേവനങ്ങൾ ഇനി ഐസിഎസി വഴി; വ്യാജ ഏജൻസികൾക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി ഇന്ത്യൻ കോൺസൽ ജനറൽ
യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ പുതിയ 'ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിലേക്ക്' (ഐസിഎസി) മാറ്റുന്ന നടപടികൾ പുരോഗമിക്കുന്നതായി ദുബായിലെ പുതിയ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. ഇ. വിഷ്ണുവർധൻ റെഡ്ഡി വ്യക്തമാക്കി. വരാനിരിക്കുന്ന സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി, തത്കാൽ ഉൾപ്പെടെ നിലവിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ അതിവേഗം തീർപ്പാക്കാനുള്ള നടപടികൾക്ക് കോൺസുലേറ്റ് തുടക്കം കുറിച്ചിട്ടുണ്ട്.
തത്കാൽ അപേക്ഷകർക്കും നവജാത ശിശുക്കളുടെ രക്ഷിതാക്കൾക്കും എമർജൻസി സർട്ടിഫിക്കറ്റ് (ഇസി) ആവശ്യമുള്ളവർക്കും മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാതെ തന്നെ സെന്ററുകളിൽ നേരിട്ടെത്തി സേവനങ്ങൾ പ്രയോജനപ്പെടുത്താം.
സേവനങ്ങൾക്കായി 19 ദിർഹം മാത്രമാണ് ഔദ്യോഗിക സർവീസ് ചാർജായി വരുന്നത്. അതിനാൽ തട്ടിപ്പ് ഏജൻസികൾക്കോ വ്യാജ വെബ്‌സൈറ്റുകൾക്കോ പണം നൽകരുതെന്നും, അപ്പോയിന്റ്മെന്റുകൾക്കായി consularsevainuae.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് മാത്രം ഉപയോഗിക്കണമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു. താൽക്കാലികമായി അൽ ഹിന്ദ് ട്രാവൽസ് ഗ്രൂപ്പിന്റെ കേന്ദ്രങ്ങൾ വഴിയാണ് ഇപ്പോൾ സേവനം നൽകുന്നത്.