അബുദാബിയിൽ വില്ലകൾക്ക് പുറത്തെ കാർ പാർക്കിങ് ഷെഡുകൾക്ക് പെർമിറ്റ് നിർബന്ധം; മാനദണ്ഡങ്ങൾ പുറപ്പെടുവിച്ച് സിറ്റി മുനിസിപ്പാലിറ്റി
സ്വകാര്യ, പൊതു പാർപ്പിട മേഖലകളിലെ വില്ലകൾക്ക് പുറത്ത് കാർ പാർക്കിങ് ഷെഡുകൾ നിർമിക്കുന്നതിന് വ്യക്തമായ സാങ്കേതിക മാനദണ്ഡങ്ങളും ഫീസും നിശ്ചയിച്ച് അബുദാബി സിറ്റി മുനിസിപ്പാലിറ്റി. അനാവശ്യ നിയമലംഘനങ്ങൾ ഒഴിവാക്കാനും നഗരത്തിന്റെ ഭംഗിയും സുരക്ഷയും ഉറപ്പാക്കാനുമായി ആരംഭിച്ച 'നമ്മുടെ വീട് നമ്മുടെ ഉത്തരവാദിത്തം' എന്ന ബോധവൽക്കരണ പ്രചാരണത്തിന്റെ ഭാഗമായാണ് പുതിയ നടപടി. യു.എ.ഇ പാസ് (UAE Pass) ഉപയോഗിച്ച് 'താം' (TAMM) ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി പൊതുജനങ്ങൾക്ക് പെർമിറ്റിനായി അപേക്ഷിക്കാം.
പെർമിറ്റിനായി ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ വിഭാഗം തിരഞ്ഞെടുത്ത് സൈറ്റ് പ്ലാനും ആവശ്യമായ രേഖകളും സമർപ്പിക്കണം. പുതിയ പെർമിറ്റിന് 1,000 ദിർഹമും വാർഷിക പുതുക്കലിന് 200 ദിർഹമുമാണ് ഫീസ്. എന്നാൽ സ്വന്തം പ്ലോട്ട് അതിർത്തിക്ക് പുറത്ത് നിർമാണ പെർമിറ്റുള്ള ഉടമകളെ പ്രത്യേക ഷെഡ് ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രധാന സാങ്കേതിക മാനദണ്ഡങ്ങൾ:
- അളവുകൾ: ഒരു കാറിനുള്ള ഷെഡിന്റെ പരമാവധി അളവ് 3x6 മീറ്ററായിരിക്കണം. നടപ്പാതയിൽ നിന്ന് ഷെഡിന്റെ താഴ്ന്ന ഭാഗത്തേക്ക് കുറഞ്ഞത് 2.5 മീറ്ററും ഉയർന്ന ഭാഗത്തേക്ക് പരമാവധി 4.5 മീറ്ററും ഉയരമാകാം.
- നിറവും സാമഗ്രികളും: വില്ലകളുടെ മുൻവശത്തിന് അനുയോജ്യമായ നേർത്ത അല്ലെങ്കിൽ ഇളം നിറങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. സിങ്ക് ഷീറ്റുകൾ, പഴയ തുണികൾ, സംസ്കരിക്കാത്ത തടികൾ എന്നിവ ഉപയോഗിക്കാൻ പാടില്ല.
- സുരക്ഷാ നിബന്ധനകൾ: കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും തടസ്സമുണ്ടാക്കുന്ന രീതിയിലോ വളവുകളിൽ കാഴ്ച മറയ്ക്കുന്ന രീതിയിലോ ഷെഡുകൾ സ്ഥാപിക്കരുത്. സിവിൽ ഡിഫൻസ് വാഹനങ്ങൾക്കും ഭൂഗർഭ സേവന ലൈനുകൾക്കും തടസ്സമില്ലാത്ത പ്രവേശനം ഉറപ്പാക്കണം.
- മറ്റ് വ്യവസ്ഥകൾ: ഷെഡുകൾ വാടകയ്ക്ക് നൽകാനോ പാർക്കിങ് അല്ലാത്ത ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ പാടില്ല. അധികൃതർ ആവശ്യപ്പെട്ടാൽ ഉടമ സ്വന്തം ചെലവിൽ ഇവ നീക്കം ചെയ്യേണ്ടതാണ്.