ഫുക്കറ്റ്-ഡൽഹി വിമാന വിവാദം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി റിപ്പോർട്ട്, രണ്ട് ഡോപ്പ് ടെസ്റ്റുകളും പോസിറ്റീവ്

 

ഓഗസ്റ്റ് നാലിന് ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം (AI2379) പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിച്ച സംഭവത്തിൽ പൈലറ്റിനെതിരെ ഗുരുതര കണ്ടെത്തൽ. പ്രധാന പൈലറ്റ് രണ്ടാമത്തെ ഡോപ്പ് ടെസ്റ്റിലും പരാജയപ്പെട്ടതായും കഞ്ചാവ് (weed) ഉപയോഗിച്ചതായി സ്ഥിരീകരിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 137 യാത്രക്കാരും എട്ട് ജീവനക്കാരുമുണ്ടായിരുന്ന വിമാനത്തിന് ഒൻപതോളം സാങ്കേതിക പ്രശ്നങ്ങളാണ് തൊട്ടടുത്ത മിനിറ്റുകളിൽ ഉണ്ടായത്.

വിമാനം പെട്ടെന്ന് 'നെഗറ്റീവ്-ജി' (negative-G) അവസ്ഥയിലേക്ക് താഴ്ന്നപ്പോൾ പ്രധാന പൈലറ്റ് കോക്ക്പിറ്റിലെ തന്റെ സീറ്റിൽ ഉണ്ടായിരുന്നില്ല. ഈ സമയം കോ-പൈലറ്റാണ് വിമാനം നിയന്ത്രിച്ചിരുന്നത്. വിമാനത്തിലുണ്ടായ ശക്തമായ കുലുക്കത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്ന 13 യാത്രക്കാർക്കും നാല് ജീവനക്കാർക്കും പരിക്കേറ്റു. രണ്ട് ജീവനക്കാരുടെ നട്ടെല്ലിനും കഴുത്തിനും സാരമായി പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിൽ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) അന്വേഷണം ആരംഭിച്ചു. ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറും കോക്ക്പിറ്റ് വോയ്സ് റെക്കോർഡറും കസ്റ്റഡിയിലെടുത്തു. അന്വേഷണത്തെ സഹായിക്കാൻ നിർമാതാക്കളായ എയർബസും വിദഗ്ധരെ അയക്കും. സംഭവവുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ സി.ഇ.ഒ കാംബെൽ വിൽസണെ സിവിൽ ഏവിയേഷൻ മന്ത്രാലയം വിളിച്ചുവരുത്തിയിട്ടുണ്ട്.