മിനയോട് വിടപറഞ്ഞ് ഹാജിമാർ; ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് സമാപനം
പ്രാർത്ഥനാനിർഭരമായ മുഴുവൻ കർമ്മങ്ങളും പൂർത്തിയാക്കി തീർത്ഥാടകർ മിനയോട് വിടപറഞ്ഞതോടെ ഈ വർഷത്തെ ഹജ്ജിന് ഔദ്യോഗിക സമാപനമായി. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുമെത്തിയ 17 ലക്ഷത്തിലധികം തീർത്ഥാടകരാണ് ഇത്തവണ ഹജ്ജ് പൂർത്തിയാക്കി മടങ്ങുന്നത്. ഇനി ജന്മനാടുകളിലേക്ക് തിരിക്കുന്നതിന് മുന്നോടിയായുള്ള വിടവാങ്ങൽ ത്വവാഫിന്റെ തിരക്കിലാണ് ഹാജിമാർ.
അവസാന ദിവസത്തെ ജംറകളിലെ കല്ലേറ് കർമ്മവും പൂർത്തിയാക്കിയാണ് തീർത്ഥാടകർ വിടവാങ്ങൽ ത്വവാഫിനായി വിശുദ്ധ കഅ്ബയുടെ സന്നിധിയിലേക്ക് എത്തുന്നത്. ഹജ്ജ് നിർവ്വഹിക്കാൻ അവസരം നൽകിയ ദൈവത്തിന് നന്ദി പറഞ്ഞ് മക്കയോട് വിടപറയുന്ന ഈ കർമ്മത്തിനായി ഇന്നലെ രാത്രിയോടെ തന്നെ ഭൂരിഭാഗം ഹാജിമാരും മിനായിൽ നിന്നും മടങ്ങിയിരുന്നു. വരും ദിവസങ്ങളിൽ ഹറം പള്ളിയിൽ കനത്ത തിരക്കാണ് അനുഭവപ്പെടുക. മലയാളി ഹാജിമാർ വിവിധ സംഘങ്ങളായെത്തി വിടവാങ്ങൽ ത്വവാഫ് പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.
ഇന്ത്യൻ ഹാജിമാരുടെ നാട്ടിലേക്കുള്ള മടക്കയാത്ര ജൂൺ രണ്ട് മുതലാണ് ആരംഭിക്കുക. അതേസമയം, ഹജ്ജിന് മുൻപോ ശേഷമോ മദീന സന്ദർശനം പൂർത്തിയാക്കാത്ത തീർത്ഥാടകർ എട്ട് ദിവസം അവിടെ ചെലവഴിച്ച ശേഷമായിരിക്കും മടങ്ങുക. ഇത്തവണ ആകെ 1.75 ലക്ഷം ഇന്ത്യൻ തീർത്ഥാടകരാണ് ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുത്തത്. കടുത്ത ചൂടും വിവിധ ആരോഗ്യപ്രശ്നങ്ങളും മൂലം ഹജ്ജ് വേളയിൽ 40-ലധികം ഇന്ത്യക്കാർ മരണപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.