പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം; ദോഹ-ബെംഗളൂരു ഇൻഡിഗോ വിമാനം മസ്‌കറ്റിൽ അടിയന്തരമായി ഇറക്കി
പൈലറ്റിന് പെട്ടെന്ന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ദോഹയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. വ്യാഴാഴ്ച പുലർച്ചെ ദോഹയിൽ നിന്ന് പുറപ്പെട്ട 6E 1302 എയർബസ് A320NEO വിമാനമാണ് അടിയന്തര സാഹചര്യത്തെ തുടർന്ന് വഴിതിരിച്ചുവിട്ടത്.
വിമാനം പറന്നുയർന്നതിന് പിന്നാലെ കോക്പിറ്റിലെ പൈലറ്റുമാരിൽ ഒരാൾക്ക് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് അടിയന്തര സാഹചര്യങ്ങളിൽ നൽകുന്ന 'മേയ്‌ഡേ' (Mayday) സന്ദേശം നൽകുകയും വിമാനം സുരക്ഷിതമായി മസ്‌കറ്റിൽ ഇറക്കുകയുമായിരുന്നു. അസുഖബാധിതനായ പൈലറ്റിന് ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കിയതായും യാത്രക്കാർക്കായി പകരം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും ഇൻഡിഗോ അധികൃതർ സ്ഥിരീകരിച്ചു.
സാധാരണയായി ഇത്തരം എയർബസ് വിമാനങ്ങളിൽ രണ്ട് പൈലറ്റുമാരാണ് ഉണ്ടാവുക. ഇതിൽ ഒരാളുടെ ആരോഗ്യം മോശമായാൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി എത്രയും വേഗം തൊട്ടടുത്ത വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുകയാണ് പതിവ്.