ജി 7 ഉച്ചകോടിക്കിടെ മോദിയും ട്രംപും കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്
ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ജൂൺ 17-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. യുഎസ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂസ് 18 ആണ് വാർത്ത പുറത്തുവിട്ടത്. ജി7 ഉച്ചകോടിക്കിടെ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നുവെങ്കിലും ഇപ്പോഴാണ് തീയതി ഉൾപ്പെടെയുള്ള വിവരങ്ങളിൽ സ്ഥിരീകരണമുണ്ടാകുന്നത്.
ഇന്ത്യ-യുഎസ് ബന്ധം നയതന്ത്രപരമായി നിർണായക ഘട്ടത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ചയെന്നത് ഏറെ ശ്രദ്ധേയമാണ്. ഉഭയകക്ഷി വ്യാപാരം, ഊർജ്ജ സഹകരണം, എച്ച്1 ബി (H1B) വിസാ നയങ്ങൾ, പ്രാദേശിക സുരക്ഷ എന്നിവയ്ക്ക് പുറമെ പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങളും ഇരുവർക്കുമിടയിൽ പ്രധാന ചർച്ചാവിഷയങ്ങളായേക്കുമെന്നാണ് വിവരം.
ഒമാൻ തീരത്തിന് സമീപം വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ തുടർച്ചയായ ആക്രമണങ്ങളെത്തുടർന്ന് ഇന്ത്യയും അമേരിക്കയും തമ്മിൽ ചെറിയ രീതിയിലുള്ള നയതന്ത്ര അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ട്. യു.എസ് ആക്രമണത്തിൽ തകർന്ന ചരക്കുകപ്പലിലെ മൂന്ന് ഇന്ത്യൻ നാവികർ മരിച്ചതിലും, തൊട്ടുപിന്നാലെ മറ്റൊരു കപ്പലിന് നേരെ വെടിവെയ്പ്പുണ്ടായതിലും രണ്ട് തവണയാണ് യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചത്. ഈ പശ്ചാത്തലത്തിൽ ഇരു രാഷ്ട്രത്തലവന്മാരും തമ്മിൽ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമുണ്ട്.