ഖമേനിയുടെ സംസ്‌കാര ചടങ്ങിന് പ്രധാനമന്ത്രി മോദിയില്ല; ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാര്‍ ഗവര്‍ണറും വിദേശകാര്യ സഹമന്ത്രിയും ഇറാനിലേക്ക്
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് അലി ഖമേനിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാര്‍ ഗവര്‍ണര്‍ ലഫ്റ്റനന്റ് ജനറല്‍ സയ്യിദ് അതാ ഹസ്നൈനും വിദേശകാര്യ സഹമന്ത്രി പബിത്ര മര്‍ഗരിറ്റയും പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ടെഹ്റാനിൽ വെച്ച് നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. വരാനിരിക്കുന്ന ജൂലൈ നാലിനാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുക. എന്നാല്‍, ഇതേ കാലയളവില്‍ ഇന്തോനേഷ്യ, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് മുന്‍കൂട്ടി നിശ്ചയിച്ച സുപ്രധാന ഔദ്യോഗിക സന്ദര്‍ശനങ്ങൾ ഉള്ളതിനാലാണ് പ്രധാനമന്ത്രിക്ക് ഇറാനിലേക്ക് പോകാൻ സാധിക്കാത്തത്. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ വിദേശനയതന്ത്ര പ്രതിനിധികളായി ഇരുവരെയും അയക്കുന്നത്.
മാറ്റിവെച്ച ചടങ്ങുകൾ ജൂലൈ നാലിന് ആരംഭിക്കും
കഴിഞ്ഞ ഫെബ്രുവരി 28-ന് യു.എസ് - ഇസ്രായേല്‍ വ്യോമാക്രമണത്തിലാണ് ഖമേനി കൊല്ലപ്പെടുന്നത്. തുടർന്ന് സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞ ആഴ്ചയാണ് പ്രസിഡന്റ് പെസെഷ്‌കിയാന്‍ പ്രധാനമന്ത്രി മോദിയെ ഔദ്യോഗികമായി ക്ഷണിച്ചത്. പശ്ചിമേഷ്യയിലെ ഇന്ത്യയുടെ ഏറ്റവും വലിയ തന്ത്രപ്രധാന പങ്കാളികളിലൊന്നായ ഇറാനുമായുള്ള ദൃഢമായ നയതന്ത്ര ബന്ധം നിലനിര്‍ത്തുക എന്ന നയത്തിന് അനുസൃതമായാണ് ഇന്ത്യ ഈ ഉന്നതതല പ്രതിനിധി സംഘത്തെ ടെഹ്റാനിലേക്ക് അയക്കുന്നത്.
ടെഹ്റാനില്‍ ആരംഭിക്കുന്ന വിപുലമായ ശവസംസ്‌കാര ചടങ്ങുകള്‍ ജൂലൈ 9-ന് അദ്ദേഹത്തിന്റെ ജന്മനാടായ മഷാദില്‍ മൃതദേഹം അടക്കം ചെയ്യുന്നതോട് കൂടി മാത്രമാണ് അവസാനിക്കുക. ആദ്യം മാര്‍ച്ചിലാണ് സംസ്‌കാര ചടങ്ങുകള്‍ നടത്താൻ നിശ്ചയിച്ചിരുന്നതെങ്കിലും മേഖലയിൽ നിലനിന്നിരുന്ന രൂക്ഷമായ സൈനിക സംഘര്‍ഷങ്ങളും സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത് പിന്നീട് മാറ്റിവെക്കുകയായിരുന്നു. നരേന്ദ്ര മോദിക്ക് പുറമെ ചൈന, റഷ്യ, ഖത്തര്‍, ഫ്രാന്‍സ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുടെ ഭരണത്തലവന്മാർക്കും ഇറാന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടുണ്ട്.