പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ; അബുദാബിയിലെ ആദ്യത്തെ ഹിന്ദു ശിലാ ക്ഷേത്രം ഉദ്ഘാടനം ചെയ്യും

 

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യു എ ഇയിൽ എത്തി. അബുദാബിയിലെ ആദ്യത്തെ ഹിന്ദു ശിലാ ക്ഷേത്രമായ ബോചസൻവാസി ശ്രീ അക്ഷര പുരുഷോത്തം സ്വാമിനാരായണ സൻസ്ത മന്ദിറിൻ്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിൻ്റെ പ്രധാന ആകർഷണം. അബുദാബിയിൽ ഏകദേശം 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം ഉയരുന്നത്. 2019 മുതൽ കെട്ടിടത്തിൻ്റെ പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. ക്ഷേത്രത്തിനുള്ള സ്ഥലം യുഎഇ സർക്കാരാണ് സംഭാവന ചെയ്തത്. ​ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ക്ഷേത്രമായിരിക്കും ഇന്ത്യൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക.

ദുബായ്-അബുദാബി ഷെയ്ഖ് സായിദ് ഹൈവേയിൽ അൽ റഹ്ബയ്ക്ക് സമീപം അബു മുറൈഖയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിനുള്ള സ്ഥലം യുഎഇ സർക്കാരാണ് സംഭാവന ചെയ്തത്. ദുബായിൽ സ്ഥിതി ചെയ്യുന്ന മറ്റ് മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾ യുഎഇയിലുണ്ട്. ശിലാ വാസ്തുവിദ്യയിൽ വിശാലമായ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ബോചസൻവാസി ശ്രീ അക്ഷര പുരുഷോത്തം സ്വാമിനാരായണ സൻസ്ത മന്ദിർ ഗൾഫ് മേഖലയിലെ ഏറ്റവും വലുതായിരിക്കും. യുഎഇയിലെ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി മോദി ഖത്തർ സന്ദർശിക്കും. ഫെബ്രുവരി 15നാണ് മോദി ഇന്ത്യയിലേക്ക് മടങ്ങുക.

യു എ ഇയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം ചർച്ച നടത്തി. നരേന്ദ്ര മോദിയെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് യുഎഇ പ്രസിഡൻ്റ് സ്വീകരിച്ചത്. 2015ന് ശേഷം ഇത് ഏഴാം തവണയാണ് മോദി യുഎഇ സന്ദർശിക്കുന്നത്. യുഎഇ വൈസ് പ്രസിഡൻ്റിൻ്റെ ക്ഷണപ്രകാരം ഫെബ്രുവരി 14 ന് ദുബായിൽ നടക്കുന്ന ലോക ഗവൺമെൻ്റ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ലോക നേതാക്കളെയും അഭിസംബോധന ചെയ്യും.