പ്രശാന്ത് പിസെ ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡർ; വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം
ഒമാൻ സുൽത്താനേറ്റിലെ അടുത്ത ഇന്ത്യൻ അംബാസഡറായി മുതിർന്ന നയതന്ത്രജ്ഞൻ പ്രശാന്ത് പിസെയെ നിയമിച്ചു. നിലവിൽ വിദേശകാര്യ മന്ത്രാലയത്തിൽ കുടിയേറ്റ നയങ്ങളും പ്രവാസി ക്ഷേമവും കൈകാര്യം ചെയ്യുന്ന അഡീഷണൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം. 1995 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് (IFS) ഉദ്യോഗസ്ഥനായ പ്രശാന്ത് പിസെ, നിലവിലെ അംബാസഡർ ഗോദവർത്തി വെങ്കട ശ്രീനിവാസിന് പകരക്കാരനായാണ് മസ്കറ്റിലെത്തുന്നത്.
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ദീർഘകാലത്തെ പ്രവർത്തന പരിചയമുള്ള പ്രശാന്ത് പിസെ, നേരത്തെ ഇറാഖിലെ ഇന്ത്യൻ അംബാസഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈജിപ്ത്, ലിബിയ, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിലും അദ്ദേഹം നയതന്ത്ര ചുമതലകൾ വഹിച്ചിട്ടുണ്ട്. കൂടാതെ ജപ്പാൻ, മൗറീഷ്യസ്, യു.കെ എന്നിവിടങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫ്രഞ്ച്, അറബിക് ഭാഷകളിൽ പ്രാവീണ്യമുള്ള അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിലെ വിവിധ നിർണ്ണായക പദവികൾ കൈകാര്യം ചെയ്തിട്ടുണ്ട്.
ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാരം, ഊർജ്ജം, സമുദ്ര സുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിൽ അദ്ദേഹത്തിന്റെ നിയമനം നിർണ്ണായകമാകും. വരും ദിവസങ്ങളിൽ അദ്ദേഹം മസ്കറ്റിലെത്തി ഔദ്യോഗികമായി ചുമതലയേൽക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മികച്ച ഒരു കായികതാരം കൂടിയായ അദ്ദേഹം ഒട്ടേറെ അന്താരാഷ്ട്ര മാരത്തോണുകളിലും അൾട്രാ മാരത്തോണുകളിലും പങ്കെടുത്തിട്ടുണ്ട്.