തൊഴിൽ ചൂഷണവും മനുഷ്യക്കടത്തും തടയൽ: മസ്‌കത്ത് വിമാനത്താവളത്തിൽ പ്രത്യേക ബോധവൽക്കരണ ഓഫീസ് തുറന്നു

 

വിദേശ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും തൊഴിൽ ചൂഷണവും മനുഷ്യക്കടത്തും തടയാനുമായി നിർണായക ചുവടുവെപ്പുമായി ഒമാൻ. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദേശീയ മനുഷ്യക്കടത്ത് വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ പ്രത്യേക ബോധവൽക്കരണ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. രാജ്യത്തെത്തുന്ന പ്രവാസി തൊഴിലാളികൾക്ക് അവരുടെ തൊഴിൽ അവകാശങ്ങളും നിയമപരമായ ബാധ്യതകളും വ്യക്തമാക്കിക്കൊടുക്കുക, ചൂഷണങ്ങൾക്ക് ഇരയാകുന്നവർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുക എന്നിവയാണ് ഈ ഓഫീസിന്റെ പ്രധാന ലക്ഷ്യം.

ആദ്യഘട്ടത്തിൽ സമിതിയുടെ ഔദ്യോഗിക വെബ്‌സൈറ്റുമായി ബന്ധിപ്പിച്ച ഡിജിറ്റൽ സ്‌ക്രീനുകളാണ് വിമാനത്താവളത്തിൽ സ്ഥാപിച്ചിട്ടുള്ളത്. മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ ഈ സ്‌ക്രീനുകളിലൂടെ ബോധവൽക്കരണ സന്ദേശങ്ങളും അവകാശങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാകും. കൂടാതെ, വിവിധ വിദേശ രാജ്യങ്ങളുടെ എംബസി നമ്പറുകളും സമിതിയുടെ ഹോട്ട്‌ലൈൻ നമ്പറുകളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രണ്ടാം ഘട്ടത്തിൽ തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഓഫീസിൽ നേരിട്ട് നിയോഗിച്ച് ഒമാനിലെത്തുന്ന തൊഴിലാളികളുമായി നേരിട്ട് സംവദിക്കാനും കരാർ വിവരങ്ങൾ പരിശോധിക്കാനും സംവിധാനമൊരുക്കും. പ്രവാസി തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ഈ നീക്കം വലിയ രീതിയിൽ സഹായകരമാകും.