പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെത്തി

 

നോർവേ സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെത്തി. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയുടെ അത്താഴ വിരുന്ന് സൽക്കാരത്തിനുശേഷം മെലോനിയും മോദിയും ചരിത്രപ്രസിദ്ധമായ കൊളോസ്സിയം സന്ദർശിച്ചു. ഇരുവരും കൊളോസ്സിയം സന്ദർശിച്ച ചിത്രങ്ങൾ സോഷ്യൽ‌ മീഡിയയിൽ വൈറലാണ്.ഇന്ത്യയും ഇറ്റലിയും തമ്മിലെ വ്യാപാര, സൗഹൃദ ബന്ധങ്ങൾ ശക്തമാക്കുന്നത് ഇന്നത്തെ ഉഭയകക്ഷി ചർച്ചയിൽ വിഷയമാകുമെന്ന് മോദി എക്സിൽ പറ‍ഞ്ഞു. ‘വെൽകം ടു റോം, മൈ ഫ്രണ്ട്’ എന്ന് മോദിയെ സ്വാഗതം ചെയ്തുകൊണ്ട് മെലോനിയും എക്സിൽ കുറിച്ചു.

ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള വ്യാപാര ഇടപാടുകൾ 2029 ആകുമ്പോഴേക്കും 2000 കോടി യൂറോ (2.24 ലക്ഷം കോടി രൂപ) എന്ന നിലയിൽ എത്തിക്കുമെന്ന് നരേന്ദ്രമോദിയും ജോർജ മെലോനിയും വ്യക്തമാക്കി. യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാർ ഇതിനു വഴിയൊരുക്കുന്ന തരത്തിലുള്ളതാണ്.