രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിലേക്ക്

 

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രായേലിലേക്ക് തിരിക്കും. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ക്ഷണപ്രകാരമാണ് ഈ യാത്ര. ഇന്ന് രാത്രി എട്ട് മണിക്ക് ഇസ്രായേൽ പാർലമെന്റായ 'നെസെറ്റിൽ' പ്രധാനമന്ത്രി പ്രഭാഷണം നടത്തും. ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് മോദി വീണ്ടും ഇസ്രായേൽ സന്ദർശിക്കുന്നത്.

സൈനിക, വ്യാപാര മേഖലകളിൽ പുതിയ കരാറുകളിൽ ഇരു രാജ്യങ്ങളും നാളെ ഒപ്പുവെക്കും. സുരക്ഷാ സഹകരണം വർദ്ധിപ്പിക്കുന്നതിനൊപ്പം നൂതന പ്രതിരോധ സാങ്കേതികവിദ്യകൾ ഇന്ത്യയുമായി പങ്കുവെക്കാൻ ഇസ്രായേൽ സമ്മതിച്ചിട്ടുണ്ട്. 2025 മെയ് മാസത്തിൽ നടന്ന 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നീക്കത്തിൽ ഇന്ത്യ ഉപയോഗിച്ച ഇസ്രായേൽ നിർമിത മിസൈലുകളുടെയും ഡ്രോണുകളുടെയും സ്റ്റോക്ക് പുതുക്കുന്ന കാര്യവും ചർച്ചയാകും. സന്ദർശനത്തിനിടെ ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായും മോദി കൂടിക്കാഴ്ച നടത്തും.

അതേസമയം, ഗസ്സയിൽ വംശഹത്യ തുടരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. ഗസ്സയിലെ സാധാരണക്കാരുടെ കൊലപാതകത്തെക്കുറിച്ച് മോദി പാർലമെന്റിൽ സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രിയങ്ക ഗാന്ധി പറഞ്ഞു. മോദിയുടെ സന്ദർശനം ഫലസ്തീൻ വിഷയത്തിൽ ഇന്ത്യ സ്വീകരിച്ചുപോന്ന നിലപാടുകളെ ദുർബലപ്പെടുത്തുന്നതാണെന്ന് വിവിധ സംഘടനകളും വിമർശിച്ചു. എന്നാൽ, പ്രത്യേക ഫലസ്തീൻ രാഷ്ട്രം എന്ന നിലപാട് ചർച്ചകളിൽ ആവർത്തിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.