സൗദിയിലേക്ക് ഈ മരുന്നുകൾ കൊണ്ടുപോകാൻ ഇനി മുൻകൂർ അനുമതി നിർബന്ധം
സൗദിയിലേക്ക് മരുന്നുകൾ കൊണ്ടുവരുന്നതിനോ കൊണ്ടുപോകുന്നതിനോ മുൻകൂർ അനുമതി നിർബന്ധമാക്കി അധികൃതർ .ഉറക്കഗുളികകളും മാനസികാരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട മരുന്നുകളും ഇതിൽപ്പെടുന്നു.
യാത്രാ തീയതിക്ക് മുമ്പ് രോഗികളോ അവരുടെ കൂടെയുള്ളവരോ നടപടിക്രമങ്ങൾ പൂർത്തിയാക്കി ക്ലിയറൻസ് നേടിയാൽ മരുന്നുകൾ കൊണ്ടുപോകാം എന്ന് ജനറൽ അതോറിറ്റി ഫോർ പോർട്ട്സ് (മവാനി) അറിയിച്ചു
അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷകൾ 'റെസ്ട്രിക്ട്ഡ് ഡ്രഗ്സ് സിസ്റ്റം എന്ന ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴിയാണ് സമർപ്പിക്കേണ്ടത്. യാത്രക്കാർ ഇതിൽ ഒരു അക്കൗണ്ട് സൃഷ്ടിക്കുകയും ആവശ്യമായ വിവരങ്ങൾ നൽകി, കുറിപ്പടി, മെഡിക്കൽ റിപ്പോർട്ട്, മരുന്നിന്റെ ഫോട്ടോ, തിരിച്ചറിയൽ രേഖ തുടങ്ങിയവ സമർപ്പിക്കുകയും ചെയ്യണം.
ഒന്നിലധികം മരുന്നുകൾ ചേർക്കാനും, ബ്രാൻഡിന്റെ പേര്, അളവ് എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകാനും കഴിയും. അപേക്ഷയുടെ നില ഓൺലൈനായി ട്രാക്ക് ചെയ്യാൻ സാധിക്കും