ഹോർമുസ് തുറക്കുന്നതിൽ ഇറാൻ-ഒമാൻ ചർച്ചയിൽ പുരോഗതി; ആക്രമണം നിർത്തിവെച്ചതായി ട്രംപ്

 

ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാന്റെയും ഒമാന്റെയും മന്ത്രിമാർ തമ്മിൽ തെഹ്റാനിൽ നടക്കുന്ന രണ്ടുദിവസത്തെ ചർച്ചകളിൽ നിർണായക പുരോഗതി. ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ ഇറാനെതിരായ ആക്രമണങ്ങൾ നിർത്തിവെച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്ക ആക്രമണം നടത്താത്ത സാഹചര്യത്തിൽ ഗൾഫിലെ യു.എസ് കേന്ദ്രങ്ങൾക്ക് നേരെ തിരിച്ചടിയുണ്ടാകില്ലെന്ന് ഇറാൻ സൈന്യവും അറിയിച്ചു.

അതിനിടെ, ഹോർമുസിലെ നിർദിഷ്ട പാത ലംഘിക്കാൻ ശ്രമിച്ച ആറ് കപ്പലുകൾക്ക് നേരെ ഇറാൻ സൈന്യം മുന്നറിയിപ്പ് വെടിമുഴക്കി. 12 ഇറാനിയൻ കപ്പലുകളെ തിരിച്ചുവിട്ടതായും രണ്ടെണ്ണത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായും അമേരിക്കൻ സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇറാനെതിരായ സൈനിക നടപടികളിൽ കുവൈത്തിന് പങ്കില്ലെന്ന് യു.എസിലെ കുവൈത്ത് അംബാസഡർ ഷെയ്ഖ അൽ-സൈൻ അസ്സബാഹ് സ്ഥിരീകരിച്ചു.

അതേസമയം, റഷ്യയിലേക്ക് പോയ ഇറാനിയൻ വാണിജ്യ കപ്പലിന് നേരെ യുക്രെയ്ൻ നടത്തിയ ആക്രമണത്തിൽ ഒരു ഇറാൻ നാവികൻ കൊല്ലപ്പെട്ടത് കാസ്പിയൻ കടൽ മേഖലയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. സംഭവത്തിൽ ഇറാൻ യുക്രെയ്ൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. റഷ്യയും ഇറാനും തമ്മിലുള്ള ആയുധ നീക്കം തടയാനാണ് ആക്രമണം നടത്തിയതെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അവകാശപ്പെട്ടു.