സമുദ്രപാതകളുടെ സംരക്ഷണം ആഗോള ഉത്തരവാദിത്തം; യു.എൻ രക്ഷാസമിതിയിൽ നിലപാട് വ്യക്തമാക്കി സൗദി അറേബ്യ
ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും കപ്പൽ ഗതാഗതത്തിന് നേരെ ഹൂതി മിലിഷ്യ ഉയർത്തുന്ന ഭീഷണികൾക്കെതിരെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിൽ ശക്തമായ മുന്നറിയിപ്പുമായി സൗദി അറേബ്യ. അന്താരാഷ്ട്ര നിയമങ്ങളും രക്ഷാസമിതി പ്രമേയങ്ങളും പാലിച്ച് സമുദ്രപാതകളുടെ സംരക്ഷണവും സ്വതന്ത്ര നാവിക ഗതാഗതവും ഉറപ്പാക്കേണ്ടത് ആഗോള സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്ന് സൗദി അറേബ്യ വ്യക്തമാക്കി. നിലവിലെ സുരക്ഷാ വെല്ലുവിളികൾ അന്താരാഷ്ട്ര വ്യാപാരത്തെയും വിതരണ ശൃംഖലകളെയും പ്രതികൂലമായി ബാധിക്കുമെന്നും രാജ്യം ചൂണ്ടിക്കാട്ടി.
ചെങ്കടലിലെ സുരക്ഷാ വെല്ലുവിളികൾ ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക രക്ഷാസമിതി യോഗത്തിൽ, യു.എന്നിലെ സൗദി അറേബ്യൻ സ്ഥിരം പ്രതിനിധി ഡോ. അബ്ദുൽ അസീസ് അൽ വാസിലാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. വാണിജ്യ കപ്പലുകളെയും നാവിക പാതകളെയും ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന കവർച്ചാക്രമണങ്ങളെ ശക്തമായി അപലപിച്ച അദ്ദേഹം, ദേശീയ സുരക്ഷ സംരക്ഷിക്കാൻ സൗദി അറേബ്യക്ക് പൂർണ്ണ അവകാശമുണ്ടെന്ന് യോഗത്തിൽ ഓർമ്മിപ്പിച്ചു.
സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി സൗദി അറേബ്യ ബഹുരാഷ്ട്ര പ്രതിരോധ നാവിക സഖ്യത്തിന് തുടക്കം കുറിച്ച കാര്യം അദ്ദേഹം രക്ഷാസമിതിയെ അറിയിച്ചു. യമൻ പ്രതിസന്ധി പരിഹരിക്കുന്നതിനായി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും ശാശ്വതവും സമഗ്രവുമായ രാഷ്ട്രീയ പരിഹാരം കണ്ടെത്തുന്നതിനുമുള്ള പരിശ്രമങ്ങൾക്ക് സൗദി നൽകുന്ന പിന്തുണ ആവർത്തിച്ച അദ്ദേഹം, സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.