പാക് കോടതി വിധിയിൽ പ്രതിഷേധം ശക്തം; മനുഷ്യാവകാശ പ്രവർത്തക മഹ്‌രംഗ് ബലൂചിന് ജീവപര്യന്തം തടവ്
പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നിന്നുള്ള പ്രമുഖ മനുഷ്യാവകാശ പ്രവർത്തക മഹ്‌രംഗ് ബലൂചിനും ബലൂച് യക്‌ജെഹ്തി കമ്മിറ്റി (BYC) നേതാവ് സിബ്ഗത്തുള്ള ഷായ്ക്കും പാക് തീവ്രവാദ വിരുദ്ധ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കഴിഞ്ഞ വർഷം അതായത് 2024-ൽ ഗ്വാദറിൽ നടന്ന റാലിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ് വിധി പുറപ്പെടുവിച്ചത്. 'ബലൂചിസ്ഥാന്റെ സിംഹി' എന്ന് ലോകമെങ്ങും അറിയപ്പെടുന്ന മഹ്‌രംഗ് ബലൂചിനെതിരെയുള്ള ഈ കോടതി ഉത്തരവിനെതിരെ ബലൂചിസ്ഥാനിലും അന്താരാഷ്ട്ര തലത്തിലും പ്രതിഷേധം ശക്തമായിരിക്കുകയാണ്.
ക്വറ്റയിലെ ആന്റി ടെററിസം കോടതി ജഡ്ജി മുഹമ്മദ് അലി മൊബിനാണ് ഈ വിധി പ്രസ്താവിച്ചത്. പാക് സർക്കാരിന്റെ ഏകപക്ഷീയമായ നടപടികളിൽ പ്രതിഷേധിച്ച് ജൂൺ 12 മുതൽ മഹ്‌രംഗും മറ്റ് ബലൂച് നേതാക്കളും അഭിഭാഷകരും കോടതി നടപടികൾ പൂർണ്ണമായി ബഹിഷ്കരിച്ചിരുന്നു. നിലവിൽ ക്വറ്റയിലെ ഡിസ്ട്രിക്റ്റ് ജയിലിൽ തടവിലുള്ള ഇവർ, വിധിക്ക് പിന്നാലെ ജയിലിനുള്ളിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിചാരണാ വേളയിൽ പ്രതികൾക്കായി സർക്കാർ അഭിഭാഷകരെ നിയോഗിച്ചെങ്കിലും മഹ്‌രംഗും സഹപ്രവർത്തകരും ഇവരെ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല.
ഇതൊരു മുഖമില്ലാത്ത കോടതിയുടെ തീരുമാനമാണെന്ന് മഹ്‌രംഗിന്റെ സഹോദരിയും അഭിഭാഷകയുമായ നാദിയ ബലൂച് വിമർശിച്ചു. നീതിക്ക് വേണ്ടിയുള്ള തങ്ങളുടെ പോരാട്ടത്തെ ജയിലറകൾ കൊണ്ട് തടയാനാവില്ലെന്നും ചരിത്രമാണ് അന്തിമ തീരുമാനമെടുക്കുകയെന്നും ബലൂച് യക്‌ജെഹ്തി കമ്മിറ്റി വ്യക്തമാക്കി. പീഡിപ്പിക്കപ്പെടുന്നവർക്ക് സംരക്ഷണം നൽകേണ്ട കോടതികൾ അടിച്ചമർത്തുന്ന പാക് സർക്കാരിന്റെ കൈകൾക്ക് കരുത്ത് പകരുകയാണെന്ന് മഹ്‌രംഗിന്റെ സഹപ്രവർത്തക സമ്മി ദീൻ ബലൂചും ആരോപിച്ചു. ബലൂച് ജനതയോടുള്ള കടുത്ത വിദ്വേഷത്തിന്റെ പ്രകടനമാണ് ഈ വിധിയെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ വിലയിരുത്തൽ.
കഴിഞ്ഞ വർഷം ജൂലൈയിൽ ഗ്വാദറിൽ സംഘടിപ്പിച്ച 'ബലൂച് രാജി മാച്ചി' എന്ന ബഹുജന സംഗമത്തെത്തുടർന്നുണ്ടായ സംഘർഷങ്ങളാണ് ഈ കേസിന് ആധാരം. അയൽരാജ്യങ്ങളായ അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്ന് പോലും പതിനായിരക്കണക്കിന് ബലൂച് ജനങ്ങൾ ഈ പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. സമാധാനപരമായി തുടങ്ങിയ സമരം പിന്നീട് പാക് സുരക്ഷാ സേനയുടെ ഇടപെടലോടെ വലിയ ഏറ്റുമുട്ടലിലേക്ക് നീങ്ങുകയും നിരവധി ആളുകൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ കേസിന് പുറമെ നിരോധിത സംഘടനകളെ പിന്തുണച്ചു എന്നും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി എന്നും ആരോപിച്ച് മഹ്‌രംഗിനെതിരെ മറ്റ് നിരവധി കേസുകളും നിലവിലുണ്ട്.
പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ നിർബന്ധിത തിരോധാനങ്ങൾക്കും നിയമവിരുദ്ധ കൊലപാതകങ്ങൾക്കുമെതിരെ പോരാടുന്ന ഏറ്റവും പ്രമുഖ മുഖമാണ് ഡോക്ടർ കൂടിയായ മഹ്‌രംഗ് ബലൂച്. മുൻപ് കാണാതായവർക്ക് നീതി തേടി ടർബറ്റിൽ നിന്ന് ഇസ്ലാമാബാദിലേക്ക് ഇവർ നടത്തിയ 1600 കിലോമീറ്റർ നീണ്ട ചരിത്രപ്രസിദ്ധമായ പദയാത്ര വലിയ രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. ധീരമായ മനുഷ്യാവകാശ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ബിബിസിയുടെ മികച്ച 100 സ്ത്രീകളുടെ പട്ടികയിലും ടൈം മാഗസിൻ 100 നെക്സ്റ്റ് (Time100 Next) ലിസ്റ്റിലും മഹ്‌രംഗ് ഇടം പിടിച്ചിട്ടുണ്ട്. മഹ്‌രംഗിന്റെ പിതാവിനെ 2009-ൽ പാക് സുരക്ഷാ ഏജൻസികൾ തട്ടിക്കൊണ്ടുപോകുകയും പിന്നീട് പീഡനമേറ്റ നിലയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. തുടർന്ന് സഹോദരനെയും തട്ടിക്കൊണ്ടുപോയതോടെയാണ് ഒരു സർജനായ അവർ ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിലേക്ക് ഇറങ്ങിയത്.