മദീനയിൽ പൊതുഗതാഗത ബസ് ഷെഡ്യൂളുകൾ പുതുക്കി; 16 റൂട്ടുകളിൽ സർവീസുകൾ വർധിപ്പിച്ചു

 

മദീന നഗരത്തിലെ പൊതുഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 16 പ്രധാന റൂട്ടുകളിലെ ബസ് ഷെഡ്യൂളുകൾ പുതുക്കി. മദീന റീജിയൺ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് (MRDA) ബസ് സർവീസുകളിൽ സമയക്രമ മാറ്റവും സർവീസുകളുടെ എണ്ണത്തിൽ വർധനവും വരുത്തിയത്. യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കാനും നഗരത്തിലെ ഗതാഗത സൗകര്യങ്ങൾ കൂടുതൽ സുഗമമാക്കാനും ലക്ഷ്യമിട്ടാണ് ഈ പരിഷ്കാരം.

പ്രവാചക പള്ളി (മസ്ജിദുന്നബവി), ഹറമൈൻ ഹൈ-സ്പീഡ് റെയിൽവേ സ്റ്റേഷൻ, പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെയും പ്രമുഖ റെസിഡൻഷ്യൽ, സർവീസ് ഏരിയകളെയും ബന്ധിപ്പിക്കുന്ന റൂട്ടുകളിലാണ് മാറ്റം വരുത്തിയത്. ദിവസേനയുള്ള സർവീസുകളുടെ എണ്ണം കൂട്ടിയതോടെ തീർത്ഥാടകർക്കും പ്രദേശവാസികൾക്കും ഒരുപോലെ യാത്ര കൂടുതൽ എളുപ്പമാകും.