കൊച്ചി അടക്കം വിവിധ നഗരങ്ങളിലേക്ക് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്‌സ്
മേഖലയിലെ വ്യോമാതിർത്തി ഭാഗികമായി തുറന്നതോടെ കൊച്ചി ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്‌സ്. ലണ്ടൻ അടക്കമുള്ള പ്രധാന നഗരങ്ങളിലേക്കും എയർ കാർഗോ പ്രവർത്തനങ്ങൾക്കും സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്‌മെന്റ് അനുമതി നൽകിയ പശ്ചാത്തലത്തിലാണ് ഈ സുപ്രധാന തീരുമാനം. കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് വലിയ ആശ്വാസമാകുന്ന നീക്കമാണിത്.
തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലായി ഇന്ത്യയിലെ പ്രധാന നഗരങ്ങളായ കൊച്ചി, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കും തിരിച്ചും ഖത്തർ എയർവേയ്‌സ് സർവീസ് നടത്തും. ഇതിനുപുറമെ മോസ്‌കോ, ലണ്ടൻ ഹീത്രൂ, ബീജിങ്, കെയ്‌റോ, ജിദ്ദ, മനില, ഫ്രാങ്ക്ഫർട്ട്, കൊളംബോ, മിലാൻ തുടങ്ങിയ അന്താരാഷ്ട്ര നഗരങ്ങളിലേക്കും വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. എന്നാൽ ഇവ സാധാരണ ഗതിയിലുള്ള ഷെഡ്യൂൾഡ് സർവീസുകളല്ലെന്നും പ്രത്യേക സാഹചര്യത്തിൽ അനുവദിച്ചവയാണെന്നും അധികൃതർ വ്യക്തമാക്കി.
സാധാരണ വിമാന സർവീസുകൾ പൂർണ്ണമായി പുനരാരംഭിക്കുന്ന കാര്യത്തിൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അന്തിമ സുരക്ഷാ അനുമതിക്കായി കാത്തിരിക്കുകയാണ്. വ്യോമാതിർത്തി പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പാക്കിയാൽ മാത്രമേ പഴയപടിയുള്ള സർവീസുകൾ തുടങ്ങൂ. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് കമ്പനി മുൻഗണന നൽകുന്നത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ഖത്തർ എയർവേയ്‌സ് വെബ്‌സൈറ്റോ ആപ്പോ സന്ദർശിക്കാനോ ട്രാവൽ ഏജന്റുമാരുമായി ബന്ധപ്പെടാനോ യാത്രക്കാരോട് നിർദ്ദേശിച്ചു.