ഖത്തർ എയർവേയ്സ് സർവീസുകൾ നിർത്തി; പ്രത്യേക സർവീസുകളുമായി സ്പൈസ് ജെറ്റും ഇൻഡിഗോയും
ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ സർവീസുകൾ പുനരാരംഭിക്കില്ലെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു. ഇറാന്റെ ആക്രമണം ശക്തമായതിനെത്തുടർന്ന് ഖത്തർ വ്യോമപാത അടച്ച പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വിമാന വിവരങ്ങളും നിർദ്ദേശങ്ങളും വെബ്സൈറ്റ് വഴി പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് സ്പൈസ് ജെറ്റ് പ്രത്യേക വിമാന സർവീസുകൾ പ്രഖ്യാപിച്ചു. ഫുജൈറ വിമാനത്താവളത്തിൽ നിന്ന് ചൊവ്വാഴ്ച കൊച്ചി, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് മൂന്ന് സർവീസുകൾ ഉണ്ടാകും. കൊച്ചിയിലേക്കുള്ള പ്രത്യേക സർവീസ് ചൊവ്വാഴ്ച രാത്രി 8.10-നും, തുടർന്ന് ബുധൻ, വ്യാഴം ദിവസങ്ങളിലും സർവീസുകൾ നടത്തുമെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു.
സൗദിയിലെ ജിദ്ദയിൽ നിന്ന് ഇന്ത്യയിലേക്ക് ഇൻഡിഗോ എയർലൈൻസ് പ്രത്യേക സർവീസ് നടത്തുമെന്ന് ഇന്ത്യൻ എംബസിയും അറിയിച്ചു. ഇറാൻ-ഇസ്രയേൽ സംഘർഷം ആരംഭിച്ച ശേഷം മിഡിൽ ഈസ്റ്റിൽ നിന്ന് ഏകദേശം 13,000 വിമാന സർവീസുകൾ റദ്ദാക്കിയതായാണ് റിപ്പോർട്ടുകൾ.