ഖത്തർ എയർവേസിന് സിരിയം പ്ലാറ്റിനം അവാർഡ് നേട്ടം; കൃത്യനിഷ്ഠയിൽ വീണ്ടും ലോകോത്തര മികവ്

 

ലോകോത്തര വിമാനക്കമ്പനിയായ ഖത്തർ എയർവേസിന് അന്താരാഷ്ട്ര വ്യോമയാന രംഗത്ത് വീണ്ടും അഭിമാന നേട്ടം. ഏവിയേഷൻ അനലിറ്റിക്സ് സ്ഥാപനമായ സിരിയം (Cirium) പുറത്തുവിട്ട 2025-ലെ ഓൺ ടൈം പെർഫോമൻസ് റിവ്യൂവിൽ ലോകത്തിലെ ഏറ്റവും വിശ്വസനീയമായ അഞ്ച് വിമാനക്കമ്പനികളിലൊന്നായി ഖത്തർ എയർവേസിനെ തിരഞ്ഞെടുത്തു. കൂടാതെ, പ്രവർത്തന മികവിനുള്ള ഉന്നത ബഹുമതിയായ 'എയർലൈൻ പ്ലാറ്റിനം അവാർഡും' (Airline Platinum Award) ദോഹ ആസ്ഥാനമായുള്ള ഈ വിമാനക്കമ്പനി സ്വന്തമാക്കി.

സമയനിഷ്ഠയിൽ 84.42 ശതമാനം കൃത്യത കൈവരിച്ചാണ് ഖത്തർ എയർവേസ് ഈ നേട്ടം കൈവരിച്ചത്. 2024-ൽ ഇത് 82.83 ശതമാനമായിരുന്നു. ആറ് ഭൂഖണ്ഡങ്ങളിലായി ഒരു വർഷം 1,98,303-ലധികം സർവീസുകൾ നടത്തിയാണ് ഈ അഭിമാനകരമായ മുന്നേറ്റം. ആഗോള രാഷ്ട്രീയ പ്രശ്നങ്ങൾ മൂലമുള്ള വ്യോമപാത നിയന്ത്രണങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും ഉയർത്തിയ വെല്ലുവിളികൾക്കിടയിലും കൃത്യനിഷ്ഠ മെച്ചപ്പെടുത്താൻ സാധിച്ചത് കമ്പനിയുടെ കാര്യക്ഷമതയുടെ തെളിവായി വിലയിരുത്തപ്പെടുന്നു.

പട്ടികയിൽ 90.02 ശതമാനം കൃത്യനിഷ്ഠയോടെ മെക്സിക്കോയുടെ 'ഏറോ മെക്സിക്കോ' ആണ് ഒന്നാമത്. സൗദിയ, എസ്.എ.എസ് (SAS), അസുൽ (Azul) തുടങ്ങിയ വിമാനക്കമ്പനികളും ആദ്യ പത്തിൽ ഇടംപിടിച്ചു. ഖത്തർ എയർവേസിന്റെ ആസൂത്രണ മികവിനെ സിരിയം സി.ഇ.ഒ ജെറമി ബോവൻ പ്രശംസിച്ചു.