ആണവ സുരക്ഷയിൽ സഹകരണം ഉറപ്പാക്കാൻ കരാറൊപ്പിട്ട് ഖത്തറും സൗദിയും

 

ആണവ സുരക്ഷ, റേഡിയേഷൻ പ്രതിരോധം തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരണം ശക്തമാക്കുന്നതിനായി ഖത്തറും സൗദി അറേബ്യയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ദോഹയിൽ നടന്ന ചടങ്ങിൽ ഖത്തർ പരിസ്ഥിതി -കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അണ്ടർ സെക്രട്ടറി എൻജിനീയർ അബ്ദുൽഅസീസ് ബിൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ മഹ്മൂദും സൗദി ന്യൂക്ലിയർ ആൻഡ് റേഡിയോളജിക്കൽ റെഗുലേറ്ററി കമ്മീഷൻ സി.ഇ.ഒ ഡോ. ഖാലിദ് ബിൻ അബ്ദുൽഅസീസ് അൽ ഈസയുമാണ് കരാറിൽ ഒപ്പുവെച്ചത്. ഒപ്പുവെക്കുന്നതിന് മുന്നോടിയായി സൗദി പ്രതിനിധി സംഘം ഖത്തർ പരിസ്ഥിതി മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽഅസീസ് അൽ സുബൈഇയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

അതിർത്തി കടന്നുള്ള ആണവ അടിയന്തര സാഹചര്യങ്ങൾ നേരിടൽ, വികിരണ നിരീക്ഷണം, ലബോറട്ടറി പരിശോധനകൾ, റേഡിയോ ആക്ടീവ് സാമഗ്രികളുടെ സുരക്ഷിതമായ ഗതാഗതം, ശാസ്ത്രീയ ഗവേഷണങ്ങൾ എന്നിവയിലാണ് പ്രധാനമായും ഇരുരാജ്യങ്ങളും സഹകരിക്കുക. സാങ്കേതിക അറിവുകളും വൈദഗ്ധ്യവും കൈമാറുന്നതിനൊപ്പം സംയുക്ത പരിശീലന ശിൽപശാലകളും സംഘടിപ്പിക്കും. പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ സംയുക്ത വർക്കിങ് ഗ്രൂപ്പും രൂപീകരിക്കും.

സമാധാനപരമായ ആവശ്യങ്ങൾക്കായി ന്യൂക്ലിയർ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനും ഈ മേഖലയിലെ സാങ്കേതിക മികവ് മെച്ചപ്പെടുത്താനും ധാരണാപത്രം സഹായിക്കുമെന്ന് ഖത്തർ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം വ്യക്തമാക്കികയും ചെയ്തു.