ബിസിനസ് മേഖലയ്ക്ക് കരുത്തേകാൻ 'ടാക്സ് വെയർഹൗസ്' പ്രഖ്യാപിച്ച് ഖത്തർ

 

രാജ്യത്തെ വ്യാപാര-വ്യവസായ മേഖലയ്ക്ക് വലിയ ആശ്വാസമായി 'ടാക്സ് വെയർഹൗസ്' (Tax Warehouse) പദ്ധതി പ്രഖ്യാപിച്ച് ഖത്തർ. ജനറൽ ടാക്സ് അതോറിറ്റി പുറത്തിറക്കിയ പുതിയ അറിയിപ്പ് പ്രകാരം, നിശ്ചിത കാലയളവിലേക്ക് നികുതി ഒടുക്കാതെ തന്നെ ഉൽപ്പന്നങ്ങൾ നിർമ്മിക്കാനും സൂക്ഷിക്കാനും കമ്പനികൾക്ക് ഇനി സാധിക്കും. നിലവിലെ ആഗോള സാഹചര്യങ്ങൾ പരിഗണിച്ച് ബിസിനസ് സ്ഥാപനങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

പുതിയ സംവിധാനം അനുസരിച്ച്, എക്സൈസ് തീരുവ മുൻകൂട്ടി അടയ്ക്കാതെ തന്നെ കമ്പനികൾക്ക് ഉൽപ്പന്നങ്ങൾ നിർമ്മിക്കാനും ഗോഡൗണുകളിൽ സൂക്ഷിക്കാനുമുള്ള അനുമതി ലഭിക്കും. 'ടാക്സ് സസ്‌പെൻഷൻ' വ്യവസ്ഥയിൽ സൂക്ഷിക്കുന്ന ഇത്തരം ചരക്കുകൾ വിപണിയിലേക്ക് വിതരണത്തിനായി എത്തുന്ന ഘട്ടത്തിൽ മാത്രം നികുതി നൽകിയാൽ മതിയാകും. ഇത് കമ്പനികൾക്ക് വലിയ തോതിൽ പണലഭ്യത (Liquidity) ഉറപ്പാക്കാൻ സഹായിക്കും. കൂടാതെ, നികുതി റീഫണ്ട് നടപടികൾ വേഗത്തിലാക്കാനും പുതിയ പ്ലാറ്റ്‌ഫോം വഴിയൊരുക്കും.

നിലവിൽ അംഗീകാരമുള്ള കസ്റ്റംസ് വെയർഹൗസുകളെ പ്രത്യേക ലൈസൻസ് ഇല്ലാതെ തന്നെ ടാക്സ് വെയർഹൗസുകളായി പരിഗണിക്കുമെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. വ്യാപാര മേഖലയിലെ പണമൊഴുക്ക് സുഗമമാക്കാൻ ഖത്തർ സ്വീകരിക്കുന്ന രണ്ടാമത്തെ പ്രധാന നടപടിയാണിത്. നേരത്തെ, കോർപ്പറേറ്റ് ഇടപാടുകാരുടെ വായ്പാ-പലിശ തിരിച്ചടവുകൾക്ക് മൂന്ന് മാസത്തെ സാവകാശം ഖത്തർ സെൻട്രൽ ബാങ്ക് അനുവദിച്ചിരുന്നു.