വ്യാജ പ്രവൃത്തിപരിചയ രേഖകൾ: ഖത്തറിൽ 27 നഴ്‌സുമാർക്ക് ആജീവനാന്ത വിലക്ക്
വ്യാജ പ്രവൃത്തിപരിചയ രേഖകൾ ഹാജരാക്കി ജോലി നേടിയ 27 നഴ്‌സുമാരെ ഖത്തർ പുറത്താക്കി. കഴിഞ്ഞ 6 മാസത്തിനിടെയാണ് ഇവർ പിടിയിലായത്. രാജ്യത്തെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നതിന് ഇവർക്ക് ആജീവനാന്ത വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
രജിസ്ട്രേഷൻ, ലൈസൻസിങ് നടപടികൾക്കിടെ നടത്തിയ കൃത്യമായ പരിശോധനയിലാണ് യോഗ്യതാ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തിയത്. പ്രാരംഭ ഘട്ടത്തിൽ തന്നെ ഇത്തരം ക്രമക്കേടുകൾ തിരിച്ചറിയാൻ സാധിക്കാറുണ്ടെന്നും പ്രത്യേക ഏജൻസികളുമായി സഹകരിച്ചാണ് രേഖകളുടെ ആധികാരികത പരിശോധിക്കുന്നതെന്നും ആരോഗ്യ സംരക്ഷണ പ്രൊഫഷൻസ് വകുപ്പ് ഡയറക്ടർ ഡോ. സാദ് അൽ കാബി പറഞ്ഞു.
ആരോഗ്യ മേഖലയിലെ ലൈസൻസിങ് പ്രക്രിയയിൽ ഉയർന്ന ഗുണനിലവാരം നിലനിർത്താൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും യോഗ്യതയുള്ള പ്രൊഫഷണലുകൾക്ക് മാത്രമേ ഖത്തറിൽ മെഡിക്കൽ സേവനങ്ങൾ നൽകാൻ അനുമതിയുള്ളൂവെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.