ഖത്തർ ചാരിറ്റി 27-ാം രാവ് ചലഞ്ച്; മൂന്ന് മണിക്കൂറിൽ സമാഹരിച്ചത് നാല് കോടി റിയാൽ
റമദാൻ 27-ാം രാവിനോടനുബന്ധിച്ച് ഖത്തർ ചാരിറ്റി സംഘടിപ്പിച്ച പ്രത്യേക ചലഞ്ചിലൂടെ നാല് കോടി ഖത്തർ റിയാൽ സമാഹരിച്ചു. യൂട്യൂബ് ലൈവിലൂടെ നടത്തിയ ഫണ്ട് ശേഖരണത്തിൽ, വെറും മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ ലക്ഷ്യമിട്ട തുകയേക്കാൾ കൂടുതൽ സംഭാവന ലഭിച്ചു എന്നത് ശ്രദ്ധേയമായി. ഖത്തറിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ആരോഗ്യ-മെഡിക്കൽ പദ്ധതികൾ നടപ്പാക്കുന്നതിനാണ് ഈ തുക വിനിയോഗിക്കുക. "വിപത്തുകളെ തടയുക" എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ചലഞ്ച് സംഘടിപ്പിച്ചത്.
പ്രശസ്ത ഇൻഫ്ലുവൻസർ അബ്ദുല്ല അൽ ഗാഫ്രി, ഡോ. അബ്ദുറഹ്മാൻ അൽ ഹറമി എന്നിവർക്കൊപ്പം നിരവധി ഡോക്ടർമാരും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും മെഡിക്കൽ സെന്ററുകളും ഈ കാരുണ്യ സംരംഭത്തിൽ പങ്കാളികളായി. ആരോഗ്യ മേഖലയ്ക്ക് പ്രത്യേക ഊന്നൽ നൽകിയാണ് ഈ വർഷത്തെ കാമ്പയിൻ സംഘടിപ്പിച്ചത്. ഹൃദയ ശസ്ത്രക്രിയകൾ, കുട്ടികളിലെ ഹൃദയവൈകല്യങ്ങൾ പരിഹരിക്കൽ, വിവിധ നേത്രരോഗ ചികിത്സകൾ എന്നിവ ഇതിൽ പ്രധാനമാണ്.
ഇതുകൂടാതെ കേൾവിശക്തി കുറഞ്ഞ കുട്ടികൾക്കായുള്ള കോക്ലിയർ ഇംപ്ലാന്റുകൾ, കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കൽ തുടങ്ങിയ സുപ്രധാനമായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഈ ഫണ്ട് വിനിയോഗിക്കും. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും വലിയ തുക സമാഹരിക്കാനായത് ഖത്തറിലെ ജനങ്ങളുടെയും പ്രവാസികളുടെയും കാരുണ്യപ്രവർത്തനങ്ങളോടുള്ള വലിയ താൽപ്പര്യമാണ് വ്യക്തമാക്കുന്നത്.