ഏഴ് മാസത്തിനിടെ 80.9 കോടി റിയാലിന്റെ സഹായ പദ്ധതികളുമായി ഖത്തർ ചാരിറ്റി; പ്രയോജനം ലഭിച്ചത് ഒരു കോടിയിലധികം ആളുകൾക്ക്
ലോകമെമ്പാടുമുള്ള ദുരന്തബാധിതർക്ക് ആശ്വാസമേകി ഖത്തർ ചാരിറ്റിയുടെ കൂറ്റൻ ജീവകാരുണ്യ പദ്ധതികൾ. 2026 ജനുവരി മുതൽ ജൂലൈ വരെയുള്ള ഏഴ് മാസത്തിനിടെ 80.9 കോടി ഖത്തറി റിയാലിന്റെ മാനുഷിക-വികസന പദ്ധതികളാണ് സംഘടന നടപ്പാക്കിയത്. ഉദാരമതികളുടെ പിന്തുണയോടെ 44 രാജ്യങ്ങളിലായി ഒരു കോടിയിലധികം ആളുകളിലേക്ക് സഹായമെത്തിക്കാൻ സാധിച്ചതായി ഖത്തർ ചാരിറ്റി വ്യക്തമാക്കി.
ഇക്കാലയളവിൽ 31 രാജ്യങ്ങളിലായി 23.6 കോടിയിലധികം റിയാലിന്റെ അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. ഗസ്സ, സുഡാൻ, യമൻ, സൊമാലിയ, സിറിയ എന്നിവിടങ്ങളിലെ പ്രതിസന്ധികൾക്കും റോഹിംഗ്യൻ അഭയാർത്ഥി പ്രശ്നങ്ങൾക്കും പ്രത്യേക പരിഗണന നൽകിയാണ് 58 ലക്ഷത്തോളം പേർക്ക് അടിയന്തര സഹായം ലഭ്യമാക്കിയത്. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ഇൻഫർമേഷൻ ആൻഡ് ക്രൈസിസ് മാനേജ്‌മെന്റ് സെന്ററിനും രൂപം നൽകി.
ഇതിനുപുറമെ, നാടിന്റെ പുനർനിർമാണവും ജനങ്ങളുടെ ശാക്തീകരണവും ലക്ഷ്യമിട്ട് 57.3 കോടി റിയാൽ ചെലവിൽ 11,114 സുസ്ഥിര വികസന പദ്ധതികളും പൂർത്തിയാക്കി. ശുദ്ധജല വിതരണം, ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിലെ ഈ പദ്ധതികൾ വഴി 42 ലക്ഷത്തിലധികം ആളുകൾക്ക് പ്രയോജനം ലഭിച്ചു. കൂടാതെ, 'റുഫാഖ' സംരംഭത്തിലൂടെ അനാഥരും ഭിന്നശേഷിക്കാരുമടക്കം 2.25 ലക്ഷത്തിലധികം പേർക്ക് പ്രതിമാസ സ്പോൺസർഷിപ്പും നൽകിവരുന്നുണ്ട്.