നമീബിയൻ തീരത്ത് പുതിയ എണ്ണ നിക്ഷേപം കണ്ടെത്തി ഖത്തർ എനർജി

 

ആഫ്രിക്കൻ രാജ്യമായ നമീബിയയുടെ തീരക്കടലിൽ പുതിയ എണ്ണ നിക്ഷേപം കണ്ടെത്തിയതായി ഖത്തർ എനർജി അറിയിച്ചു. ഓറഞ്ച് ബേസിനിലെ 'മെർലിൻ 1X' പര്യവേക്ഷണ കിണറിലാണ് ഈ പുതിയ എണ്ണശേഖരം കണ്ടെത്തിയത്. ഖത്തർ എനർജിയും ഷെൽ കമ്പനിയും നമീബിയൻ ദേശീയ പെട്രോളിയം കോർപ്പറേഷനും (നാംകോർ) ഉൾപ്പെടുന്ന സഖ്യമാണ് ഈ നേട്ടത്തിന് പിന്നിൽ. ഇതേ സഖ്യം നേരത്തെയും നമീബിയൻ തീരത്ത് മൂന്ന് പ്രമുഖ എണ്ണ നിക്ഷേപങ്ങൾ കണ്ടെത്തിയിരുന്നു.

പര്യവേക്ഷണം നടത്തുന്ന കൺസോർഷ്യത്തിൽ ഖത്തർ എനർജിക്ക് 45 ശതമാനവും, ഷെൽ കമ്പനിക്ക് 45 ശതമാനവും, നമീബിയയുടെ 'നാംകോറിന്' 10 ശതമാനവും ഓഹരി പങ്കാളിത്തമാണുള്ളത്. അതീവ ഗുണനിലവാരമുള്ളതും ഭാരം കുറഞ്ഞതുമായ (ലൈറ്റ് ക്രൂഡ്) എണ്ണയാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. എണ്ണയ്‌ക്കൊപ്പം ഉപോൽപ്പന്നമായി വരുന്ന വാതകത്തിന്റെ അളവ് കുറവാണെന്നത് ഈ നിക്ഷേപത്തിന്റെ വാണിജ്യപരമായ മൂല്യവും ഖനന സാധ്യതയും വർദ്ധിപ്പിക്കുന്നു.

നമീബിയൻ സർക്കാരിന്റെ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും പങ്കാളിത്ത കമ്പനികളെ അഭിനന്ദിക്കുന്നതായും ഖത്തർ ഊർജ്ജ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സഅദ് ശരീദ അൽ കഅബി വ്യക്തമാക്കി. നിലവിൽ നമീബിയൻ പുറംകടലിലെ നാല് ലൈസൻസുകളിലായി ഏകദേശം 34,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള വിശാലമായ പര്യവേക്ഷണ മേഖലയാണ് ഖത്തർ എനർജിയുടെ നിയന്ത്രണത്തിലുള്ളത്. പുതിയ കണ്ടെത്തൽ രാജ്യാന്തര എണ്ണ വിപണിയിൽ ഖത്തറിന്റെ സാന്നിധ്യം കൂടുതൽ ശക്തമാക്കും.