ഫുട്‌ബോൾ ആവേശത്തിൽ ഖത്തർ; അമീർ കപ്പ് ഫൈനൽ ശനിയാഴ്ച
വീണ്ടും ഫുട്‌ബോൾ ആഘോഷങ്ങളുടെ നിറവിലേക്ക് ഖത്തർ. രാജ്യത്തെ ഏറ്റവും വലിയ ഫുട്‌ബോൾ ടൂർണമെന്റായ അമീർ കപ്പിന്റെ ഫൈനൽ ശനിയാഴ്ച രാജ്യത്ത് നടക്കും. കലാശപ്പോരിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.
ശനിയാഴ്ച്ച വൈകീട്ട് അഞ്ചരയ്ക്ക് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് അമീർ കപ്പിന്റെ ഫൈനൽ അരങ്ങേറുക. രാജ്യത്തെ പ്രമുഖ ക്ലബ്ബുകളായ അൽ സദ്ദും അൽ ഗറാഫയുമാണ് കിരീടപ്പോരാട്ടത്തിൽ കൊമ്പുകോർക്കുന്നത്. മത്സരദിവസം ഉച്ചക്ക് രണ്ടരയ്ക്ക് സ്റ്റേഡിയത്തിന്റെ ഗേറ്റുകൾ തുറക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. ടൂർണമെന്റിന്റെ അമ്പത്തിനാലാം പതിപ്പാണ് ഇത്തവണത്തേത്. ഇന്ത്യക്കാർ അടക്കമുള്ള കാണികളെ ഫൈനൽ പോരാട്ടത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ പറഞ്ഞു.
മത്സരത്തിന് മുന്നോടിയായി ഖത്തറിന്റെ പാരമ്പര്യവും സംസ്‌കാരവും വിളിച്ചോതുന്ന വിനോദ-കലാ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ലൈവ് നറുക്കെടുപ്പിലൂടെ ഫുട്ബാൾ ആരാധകർക്ക് നിരവധി സമ്മാനങ്ങൾ നേടാനും അവസരമുണ്ട്. കാറുകൾ, ട്രാവൽ പാക്കേജുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, കാഷ് പ്രൈസുകൾ എന്നിവയാണ് വിജയികളെ കാത്തിരിക്കുന്നത്. മത്സരത്തിന്റെ ടിക്കറ്റുകൾ ക്യു.എഫ്.എ വെബ്‌സൈറ്റിലോ tickets.roadtoqatar.qa എന്ന ലിങ്കിലോ ലഭ്യമാണ്. 10 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്.