ഖത്തർ ഇന്ത്യൻ ഓതേഴ്‌സ് ഫോറം ഡി.എൽ.എഫ്. സാഹിത്യോത്സവത്തിന് നാളെ തുടക്കം

 

ഖത്തർ ഇന്ത്യൻ ഓതേഴ്‌സ് ഫോറം (QIOF) സംഘടിപ്പിക്കുന്ന ദ്വിദിന സാഹിത്യോത്സവമായ ഡി.എൽ.എഫ്. ഫെസ്റ്റിന് നാളെ തുടക്കമാകും. ഐഡിയൽ ഇന്ത്യൻ സ്കൂളിലെ അൽ ഖമർ ഹാളിലാണ് പരിപാടികൾ അരങ്ങേറുക. പ്രമുഖ എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും ഉൽസവത്തിൽ പങ്കെടുക്കും.

വ്യാഴാഴ്ച വൈകിട്ട് ആറര മുതൽ വെള്ളിയാഴ്ച രാത്രി പത്തുമണി വരെയാണ് സാഹിത്യമേള നടക്കുക. പ്രശസ്ത എഴുത്തുകാരൻ കെ.ഇ.എൻ. കുഞ്ഞഹമ്മദ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ഭാഷാവിദഗ്ധൻ ഡോ. അശോക് ഡിക്രൂസ്, കവി കെ.ടി. സൂപ്പി, എഴുത്തുകാരി ഷീല ടോമി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

സമാപന പൊതുസമ്മേളനത്തോടനുബന്ധിച്ച് സമീർ ബിൻസി, ഇമാം മജ്ബൂർ സംഘത്തിൻ്റെ സംഗീതസായാഹ്നവും അരങ്ങേറും. ഈ സാഹിത്യോത്സവത്തിൻ്റെ ഭാഗമായി ഏഴ് പുസ്തകങ്ങൾ പ്രകാശനം ചെയ്യും. ഫെസ്റ്റ് ഭാരവാഹികളായ ഡോ. സാബു കെ.സി., അഷ്റഫ് മടിയാരി, അൻസാർ അരിമ്പ്ര, ഹുസൈൻ കടന്നമണ്ണ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.