നിയന്ത്രിത മരുന്നുകൾ കൊണ്ടുപോകാൻ ഇ-പെർമിറ്റ് സംവിധാനവുമായി ഖത്തർ
യാത്രക്കാർക്ക് സ്വന്തം ആവശ്യങ്ങൾക്കായി നിയന്ത്രിത മരുന്നുകൾ കൈവശം വെക്കുന്നതിനും കൊണ്ടുപോകുന്നതിനുമായി പുതിയ ഇ-പെർമിറ്റ് സംവിധാനം അവതരിപ്പിച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. മരുന്നുകൾ കൊണ്ടുപോകുന്നതിനുള്ള മുൻകൂർ അനുമതിക്കായി യാത്രക്കാർക്ക് ഇനി മുതൽ ഔദ്യോഗിക ഇലക്ട്രോണിക് പോർട്ടൽ (https://fli.moph.gov.qa/) വഴി ഓൺലൈനായി അപേക്ഷിക്കാം.
നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റം വഴി ലോഗിൻ ചെയ്ത്, ഡോക്ടറുടെ കുറിപ്പും മറ്റ് മെഡിക്കൽ രേഖകളും സഹിതം യാത്രയ്ക്ക് കുറഞ്ഞത് 5 പ്രവൃത്തി ദിവസങ്ങൾ മുൻപെങ്കിലും അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിച്ച് 3 ദിവസത്തിനുള്ളിൽ 'ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ' വിഭാഗം പരിശോധന പൂർത്തിയാക്കി അംഗീകാരം നൽകും.
അപേക്ഷയുടെ നിലവിലെ വിവരങ്ങൾ പരിശോധിക്കാനും അനുമതിപത്രം ഡൗൺലോഡ് ചെയ്യാനും ഇതിലൂടെ സാധിക്കും. നിയന്ത്രിത മരുന്നുകളുടെ ദുരുപയോഗം തടയാനും, അതേസമയം ആവശ്യക്കാർക്ക് നിയമപരമായി മരുന്നുകൾ എത്തിക്കാനും ലക്ഷ്യമിട്ടാണ് ഈ ഡിജിറ്റൽ സംവിധാനം നടപ്പിലാക്കുന്നത്.