ഖത്തർ മ്യൂസിയംസും നിത അംബാനി കൾച്ചറൽ സെന്ററും കൈകോർക്കുന്നു; അഞ്ചുവർഷത്തെ സാംസ്കാരിക പങ്കാളിത്തത്തിന് തുടക്കം
ഖത്തർ മ്യൂസിയംസും ഇന്ത്യയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററും (NMACC) തമ്മിൽ പുതിയ സഹകരണത്തിന് ധാരണയായി. ഖത്തറിലും ഇന്ത്യയിലുമായി മ്യൂസിയം-ഇൻ-റെസിഡൻസ് വിദ്യാഭ്യാസ പരിപാടികൾ നടപ്പിലാക്കുന്നതിനായുള്ള അഞ്ചുവർഷത്തെ തന്ത്രപരമായ പങ്കാളിത്തത്തിലാണ് ഇരുസ്ഥാപനങ്ങളും ഒപ്പുവെച്ചത്. ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ഷെയ്ഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ അൽഥാനിയും നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിനായി ഇഷാ അംബാനിയുമാണ് കരാറിൽ ഒപ്പിട്ടത്.
കുട്ടികൾക്കായി വിനോദപ്രദവും സർഗ്ഗാത്മകവുമായ പഠനരീതികൾ പരിചയപ്പെടുത്തുക, സാംസ്കാരിക കൈമാറ്റം ശക്തിപ്പെടുത്തുക എന്നിവയാണ് ഈ പങ്കാളിത്തത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഖത്തർ മ്യൂസിയംസിന്റെ ആധുനിക പഠന മാതൃകകൾ ഇന്ത്യയിലെ വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ കുട്ടികളിൽ കൗതുകവും അറിവും വർദ്ധിപ്പിക്കാൻ സാധിക്കും. അധ്യാപകർക്ക് പുതിയ പഠനരീതികളിൽ പരിശീലനം നൽകുന്നതിനൊപ്പം ഗ്രാമപ്രദേശങ്ങളിലെയും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെയും സ്കൂളുകൾ, അംഗൻവാടികൾ, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവിടങ്ങളിൽ ഈ പരിപാടികൾ നടപ്പാക്കും.
2019-ലെ ഖത്തർ-ഇന്ത്യ സാംസ്കാരിക വർഷത്തിന്റെ തുടർച്ചയായാണ് ഈ പുതിയ പദ്ധതിയെന്ന് ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ഷെയ്ഖ അൽ മയാസ പറഞ്ഞു. നിത അംബാനി കൾച്ചറൽ സെന്ററുമായുള്ള സഹകരണത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. വരും വർഷങ്ങളിൽ ഇന്ത്യയിലുടനീളം മ്യൂസിയം അധിഷ്ഠിത പഠനാനുഭവങ്ങൾ വ്യാപിപ്പിക്കാൻ ഈ സഖ്യം വഴിയൊരുക്കും.