യെമനിൽ ഖത്തർ റെഡ് ക്രസന്റ് ഡയാലിസിസ് സെന്റർ തുറന്നു

 

ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെ സഹകരണത്തോടെ യെമനിലെ ലഹജ് പ്രവിശ്യയിലുള്ള ഇബ്നു ഖൽദൂൻ ആശുപത്രിയിൽ നിർമിച്ച അത്യാധുനിക ഡയാലിസിസ് സെന്റർ ഉദ്ഘാടനം ചെയ്തു. അൽ-ഹൗതയിൽ സ്ഥിതി ചെയ്യുന്ന ഈ മൾട്ടി-സ്പെഷ്യാലിറ്റി സെന്റർ ഏകദേശം 15 ലക്ഷം ഡോളർ ചെലവഴിച്ചാണ് സജ്ജമാക്കിയത്. ലഹജിലെയും സമീപ പ്രദേശങ്ങളിലെയും വൃക്കരോഗികൾക്ക് മികച്ച ഡയാലിസിസ് സേവനങ്ങളും വിദഗ്ധ പരിശോധനകളും ഇവിടെ സൗജന്യമായി ലഭിക്കും.

ചികിത്സയ്ക്കായി മറ്റ് പ്രവിശ്യകളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനും രോഗികൾക്ക് വലിയ ആശ്വാസമാകാനും പുതിയ സെന്റർ സഹായിക്കും. ആരോഗ്യ മേഖലയിലും സാമൂഹിക വികസന രംഗത്തും ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി നൽകുന്ന മികച്ച പിന്തുണയെ ലഹജ് ഗവർണർ മുറാദ് അൽ ഹാലിമി പ്രശംസിച്ചു.