രാഷ്ട്രീയ സംഘർഷങ്ങളിൽ നിന്നും ഭൗമരാഷ്ട്രീയ തർക്കങ്ങളിൽ നിന്നും ഊർജ്ജ മേഖലയെ ഒഴിവാക്കണം: ഖത്തർ

 

ആഗോള സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിരത ഉറപ്പാക്കാൻ ഊർജ്ജ മേഖലയെ രാഷ്ട്രീയത്തിൽ നിന്നും പ്രാദേശിക സംഘർഷങ്ങളിൽ നിന്നും പൂർണ്ണമായി മുക്തമാക്കണമെന്ന് ഖത്തർ ഊർജ്ജ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒ.യുമായ സഅദ് ബിൻ ഷെരീദ അൽ കഅബി ആവശ്യപ്പെട്ടു. റിയാദിൽ നടന്ന 17-ാമത് ഇന്റർനാഷണൽ എനർജി ഫോറത്തിന്റെ മന്ത്രിതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങൾ ആഗോള തലത്തിൽ ഹൈഡ്രോകാർബൺ വിതരണത്തിന്റെ 20 ശതമാനത്തെയെങ്കിലും ബാധിച്ചതായി അദ്ദേഹം ഓർമ്മിപ്പിച്ചു.

മേഖലയിലെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടത് കോടിക്കണക്കിന് ഡോളറിന്റെ നാശനഷ്ടങ്ങൾക്കും ആഗോള വിപണിയിൽ വലിയ വിലക്കയറ്റത്തിനും അസ്ഥിരതയ്ക്കും കാരണമായെന്ന് അദ്ദേഹം വ്യക്തമാക്കി. കൃത്രിമ വളങ്ങളെ ആശ്രയിച്ച് കഴിയുന്ന കോടിക്കണക്കിന് ജനങ്ങളുടെ ഭക്ഷ്യസുരക്ഷയെയും ഇത് ബാധിക്കുന്നുണ്ട്.

ഊർജ്ജ സൗകര്യങ്ങൾ കേവലം സാമ്പത്തിക ആസ്തികളോ സൈനിക ലക്ഷ്യങ്ങളോ ആയി മാറരുതെന്നും, രാജ്യങ്ങളെ തമ്മിൽ ഒന്നിപ്പിക്കാനുള്ള ഉപാധിയായി ഊർജ്ജ സുരക്ഷയെ ഉപയോഗിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. യോഗത്തിൽ സൗദി അറേബ്യക്കും അവിടുത്തെ ഭരണ നേതൃത്വത്തിനും ഖത്തറിന്റെ ശക്തമായ പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു.