ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചെന്ന് ഖത്തർ; വ്യോമപാത അടച്ചു, ഖത്തർ എയർവേയ്‌സ് സർവീസുകൾ നിർത്തി

 

രാജ്യത്തെ ലക്ഷ്യമാക്കിയുള്ള മിസൈൽ ആക്രമണങ്ങളെ ഖത്തർ പ്രതിരോധ സേന വിജയകരമായി തകർത്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആക്രമണങ്ങളിൽ രാജ്യത്ത് ഒരിടത്തും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ജനവാസ മേഖലകൾ സുരക്ഷിതമാണെന്നും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവിലെ യുദ്ധസാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കുന്ന ഖത്തർ, സ്ഥിതിഗതികൾ 24 മണിക്കൂറും നിരീക്ഷിച്ചുവരികയാണ്.

ഇറാൻ - ഇസ്രായേൽ സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിൽ ഗൾഫ് മേഖലയിലാകെ കനത്ത ജാഗ്രതയാണ് നിലനിൽക്കുന്നത്. ഖത്തറിലെ അൽ ഉദൈദ് അമേരിക്കൻ സൈനിക താവളം ലക്ഷ്യമിട്ടാണ് ഇറാന്റെ ആക്രമണ നീക്കങ്ങൾ ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ അറിയിച്ചു.