ഇറാന്റെ ആക്രമണം: ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ച് ഖത്തർ
ഇറാന്റെ ആക്രമണങ്ങൾക്കും രാജ്യത്തിന്റെ പരമാധികാര ലംഘനങ്ങൾക്കുമെതിരെ ഐക്യരാഷ്ട്രസഭയ്ക്ക് (UN) കത്തയച്ച് ഖത്തർ. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്ന നടപടികളിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയാണ് ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻ സൈഫ് ആൽഥാനി കത്തു നൽകിയത്. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിനും ജൂലൈ മാസത്തെ യു.എൻ രക്ഷാസമിതി അധ്യക്ഷനായ സെനോൺ മുകോംഗോ എൻഗേക്കിനുമാണ് കത്ത് കൈമാറിയത്.
ജൂലൈ ഏഴിന് ഹോർമുസ് കടലിടുക്കിൽ വെച്ച് ഖത്തറിന്റെ 'അൽ-റെക്കയ്യാത്ത്' എന്ന ടാങ്കറിന് നേരെ ഇറാൻ നടത്തിയ ആക്രമണവും ജൂലൈ 12, 17 തീയതികളിലെ മിസൈൽ ഭീഷണികളും കത്തിൽ എടുത്തുപറയുന്നുണ്ട്. ജൂലൈ 12-ലെ ആക്രമണം പ്രതിരോധിക്കുന്നതിനിടെ അവശിഷ്ടങ്ങൾ പതിച്ച് കുട്ടിയടക്കം മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു.
ഇറാന്റെ ഇത്തരം നടപടികൾ 1949-ലെ ജനീവ കൺവെൻഷന്റെയും യു.എൻ രക്ഷാസമിതിയുടെ 2817 (2026) നമ്പർ പ്രമേയത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് ഖത്തർ ചൂണ്ടിക്കാട്ടി. ആക്രമണങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം ഇറാതിനാണെന്നും നഷ്ടപരിഹാരം നൽകാൻ അവർ ബാധ്യസ്ഥരാണെന്നും ഖത്തർ വ്യക്തമാക്കി. യു.എൻ ചാപ്റ്റർ ആർട്ടിക്കിൾ 51 അനുസരിച്ച് പൗരന്മാരുടെയും രാജ്യത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ തിരിച്ചടിക്കാൻ ഖത്തറിന് പൂർണ്ണ അവകാശമുണ്ടെന്നും അതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കത്തിൽ കൂട്ടിച്ചേർത്തു.