ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മുൻകരുതൽ നടപടികളുമായി ഖത്തർ
മേഖലയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് പൗരന്മാർ, താമസക്കാർ, സന്ദർശകർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ അസ്ഥിരതയും ഇറാൻ വ്യോമപാത അടച്ചതടക്കമുള്ള സംഭവവികാസങ്ങളും പരിഗണിച്ചാണ് ഖത്തറിന്റെ ഈ ജാഗ്രതാ നിർദ്ദേശം.
രാജ്യത്തുള്ള എല്ലാവരുടെയും സുരക്ഷയ്ക്കാണ് മന്ത്രാലയം പ്രഥമ പരിഗണന നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും തുടർനടപടികളും കൃത്യസമയത്ത് പൊതുജനങ്ങളെ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകൾ ഏകോപിതമായി പ്രവർത്തിക്കുന്നുണ്ട്.
പൊതുജനങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം കർശന നിർദ്ദേശം നൽകി. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജവാർത്തകളോ കിംവദന്തികളോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.