സമുദ്ര നിരീക്ഷണം ശക്തമാക്കാൻ 'സ്മാർട്ട് ഒബ്‌സർവർ' ബോട്ടുമായി ഖത്തർ
സമുദ്ര പരിസ്ഥിതി നിരീക്ഷണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി അത്യാധുനിക 'സ്മാർട്ട് ഒബ്‌സർവർ' ബോട്ട് അവതരിപ്പിച്ച് ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. വിവര ശേഖരണത്തിനായി അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നിർമ്മിച്ചതാണ് ഈ പുതിയ ബോട്ട്.
പരമ്പരാഗത രീതികൾക്ക് പകരം കടലിൽ നിന്നുള്ള യഥാസമയ വിവരങ്ങൾ കൃത്യമായി ലഭ്യമാക്കാൻ ഈ സംവിധാനം സഹായിക്കും. ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തീരദേശ സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങൾ വേഗത്തിൽ കൈക്കൊള്ളാൻ അധികൃതർക്ക് സാധിക്കും.
വിവിധ സെൻസറുകൾ നൽകുന്ന ഡാറ്റ അടിസ്ഥാനമാക്കിയാണ് ബോട്ട് പ്രവർത്തിക്കുന്നത്. പ്രതികൂല കാലാവസ്ഥകളിലും ഏഴ് മണിക്കൂർ വരെ തുടർച്ചയായി പ്രവർത്തിക്കാൻ ഇതിന് ശേഷിയുണ്ട്. പരമ്പരാഗത നിരീക്ഷണങ്ങളിൽ നിന്ന് സ്മാർട്ട് ഡിജിറ്റൽ സിസ്റ്റത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയതെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സമുദ്ര ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനും 'സ്മാർട്ട് ഒബ്‌സർവർ' പ്രധാന പങ്ക് വഹിക്കും.