ലബനന് കൈത്താങ്ങായി ഖത്തർ; 100 ടൺ സഹായസാമഗ്രികൾ ബെയ്റൂത്തിലെത്തിച്ചു

 

ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് ദുരിതമനുഭവിക്കുന്ന ലബനാനിലെ ജനങ്ങൾക്ക് അടിയന്തര സഹായവുമായി ഖത്തർ. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരം നൂറ് ടണ്ണിലധികം സഹായസാമഗ്രികളുമായി ഖത്തർ എയർവേസ് വിമാനം ബെയ്റൂത്തിലെത്തി. മരുന്നുകൾ, അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ, അടിയന്തര പ്രഥമശുശ്രൂഷാ കിറ്റുകൾ എന്നിവയടങ്ങുന്ന വിപുലമായ ശേഖരമാണ് ദുരിതാശ്വാസ ദൗത്യത്തിന്റെ ഭാഗമായി കൈമാറിയത്.

ലബനാനിലെ തകർന്നു കൊണ്ടിരിക്കുന്ന ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നതിനും ആക്രമണങ്ങളെത്തുടർന്ന് ദുരിതത്തിലായവരുടെ പ്രയാസങ്ങൾ കുറയ്ക്കുന്നതിനും ഖത്തറിന്റെ ഈ ഇടപെടൽ വലിയ പ്രയോജനപ്പെടും. ഖത്തർ ആരോഗ്യ മന്ത്രാലയം, ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ് എന്നിവയുടെ സംയുക്ത ഏകോപനത്തിൽ സുരക്ഷാ സേനയായ 'ലെഖ്‌വിയ'യുമായി സഹകരിച്ചാണ് സഹായങ്ങൾ എത്തിച്ചത്. പരിക്കേറ്റവർക്കും യുദ്ധസാഹചര്യം മൂലം പലായനം ചെയ്യേണ്ടി വന്നവർക്കും അടിയന്തര ചികിത്സ ഉറപ്പാക്കാനും പ്രതിസന്ധിയിലായ ആശുപത്രികളുടെ പ്രവർത്തനം സുഗമമാക്കാനും ഈ നീക്കം സഹായകമാകും.

ലബനാനിലെ പതിനായിരക്കണക്കിന് ആളുകൾക്ക് ആശ്വാസമാകുന്ന ഈ ദൗത്യം ഖത്തറിന്റെ മാനുഷിക മൂല്യങ്ങളിലുള്ള പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യം സൂക്ഷ്മമായി വിലയിരുത്തിക്കൊണ്ട് വരും ദിവസങ്ങളിൽ കൂടുതൽ സഹായങ്ങൾ എത്തിക്കുമെന്ന് ഖത്തർ അധികൃതർ സൂചന നൽകിയിട്ടുണ്ട്. പശ്ചിമേഷ്യൻ സമാധാന ചർച്ചകളിൽ സജീവമായി ഇടപെടുന്നതിനൊപ്പം തന്നെ ദുരിതബാധിതർക്ക് താങ്ങാവാനും ഖത്തർ മുൻപന്തിയിലുണ്ട്.