യു.എസ്-ഇറാൻ ചർച്ചയ്ക്ക് വഴിയൊരുക്കാൻ ഖത്തർ; പ്രധാനമന്ത്രി തെഹ്‌റാനിലേക്ക്
അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കുന്നതിനും മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനുമായി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽ ഥാനി തെഹ്‌റാൻ സന്ദർശിക്കുന്നു. വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരിയാണ് സന്ദർശന വിവരം അറിയിച്ചത്. അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനും സുരക്ഷ ഉറപ്പാക്കാനും നയതന്ത്ര മാർഗമാണ് ഉചിതമെന്ന ഖത്തറിന്റെ നിലപാടിന്റെ ഭാഗമായാണ് ഉന്നതതല കൂടിക്കാഴ്ച.
ജൂണിൽ ഖത്തറിന്റെ മധ്യസ്ഥതയിൽ രൂപപ്പെട്ട താൽക്കാലിക സമാധാന ധാരണ ജൂലൈയിൽ തകർന്നതും, ഇറാനുമേൽ സാമ്പത്തിക സമ്മർദം ശക്തമാക്കുമെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടും ചർച്ചകൾ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഖത്തർ വീണ്ടും മധ്യസ്ഥശ്രമങ്ങളുമായി രംഗത്തെത്തിയത്.
പ്രധാന തർക്കവിഷയമായ ഹുർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതും പ്രധാനമന്ത്രിയുടെ ചർച്ചകളിൽ വിഷയമാകും. ഫെബ്രുവരി 28-ന് മുൻപുള്ള അവസ്ഥയിലേക്ക് കടലിടുക്ക് മാറ്റണമെന്നാണ് ഖത്തറിന്റെ ആവശ്യം. നിലവിൽ ഇന്ധന ഗതാഗതം വൻതോതിൽ കുറഞ്ഞ സാഹചര്യത്തിൽ ഒമാൻ, പാകിസ്താൻ നേതാക്കളും കഴിഞ്ഞ ദിവസങ്ങളിൽ ഇറാനുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ ഉപരോധങ്ങൾ പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ യു.എസ് സ്വീകരിക്കാതെ ഹുർമുസ് കടലിടുക്ക് പൂർണമായി തുറക്കില്ലെന്ന നിലപാടിലാണ് ഇറാൻ.