560-ലേറെ പരിപാടികളുമായി ഖത്തർ ടൂറിസം ഇവന്റ് കലണ്ടർ 2026-27 പുറത്തിറക്കി

 

വൈവിധ്യമാർന്ന സാംസ്കാരിക, കായിക, വിനോദ പരിപാടികളോടെ 2026–27 സീസണിലെ ഇവന്റ് കലണ്ടർ ഖത്തർ ടൂറിസം വിഭാഗമായ വിസിറ്റ് ഖത്തർ പുറത്തിറക്കി. വിവിധ മേഖലകളിലായി 560-ലേറെ പരിപാടികളാണ് രാജ്യത്ത് അരങ്ങേറുന്നത്. പരിപാടികൾ എളുപ്പത്തിൽ കണ്ടെത്താനും ടിക്കറ്റുകൾ ബുക്ക് ചെയ്യാനുമായി ഒരു ഏകീകൃത ടിക്കറ്റ് ബുക്കിങ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമും ഇതോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്.

ഫിബ ബാസ്കറ്റ് ബോൾ ലോകകപ്പ്, ഫിഫ അണ്ടർ 17 ലോകകപ്പ്, ഫോർമുല 1 ഖത്തർ ഗ്രാൻഡ് പ്രി, ആർട് ബേസൽ, ദോഹ ഫിലിം ഫെസ്റ്റിവൽ, ഖത്തർ അന്താരാഷ്ട്ര ഫുഡ് ഫെസ്റ്റിവൽ, ഖത്തർ ടോയ് ഫെസ്റ്റിവൽ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.

780 ബിസിനസ് പങ്കാളികൾ സഹകരിക്കുന്ന ഈ പരിപാടികളുടെ പ്രചാരണം 120 രാജ്യങ്ങളിൽ നടക്കും. ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായി സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് ടൂറിസം മേഖല വലിയ സംഭാവനയാണ് നൽകുന്നതെന്നും, പുതിയ സംവിധാനം ഹോസ്പിറ്റാലിറ്റി-റീട്ടെയിൽ മേഖലകൾക്ക് കൂടുതൽ അവസരങ്ങൾ നൽകുമെന്നും ഖത്തർ ടൂറിസം ചെയർമാൻ സഅദ് ബിൻ അലി അൽ ഖർജി വ്യക്തമാക്കി.