ഖത്തറിൽ അണ്ടർ 17 ലോകകപ്പിന് ഇന്ന് കിക്കോഫ്; 48 ടീമുകൾ, 104 മത്സരങ്ങൾ!

 

കൗമാര ഫുട്‌ബോൾ താരങ്ങളുടെ ലോകവേദിക്ക് ഇന്ന് ഖത്തറിൽ തുടക്കം. ഫിഫ അണ്ടർ 17 ലോകകപ്പിന്റെ 21-ാം പതിപ്പിന് ദോഹയിൽ ഇന്ന് പന്തുരുളും. നവംബർ 19 മുതൽ ഡിസംബർ 13 വരെ നീളുന്ന ടൂർണമെന്റിൽ 48 ടീമുകൾ 104 മത്സരങ്ങളിലായി കിരീടത്തിനായി പോരാടും.

ആതിഥേയരായ ഖത്തറും പാനമയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഖത്തർ സമയം വൈകിട്ട് ആറരയ്ക്ക് ആസ്പയർ സോണിലെ ഇബ്രാഹിം ഖൽഫാൻ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ ദിനം ആസ്പയർ സോണിലെ വിവിധ മൈതാനങ്ങളിലായി എട്ട് മത്സരങ്ങൾ അരങ്ങേറും.

ടൂർണമെന്റിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ആരാധകർക്കായി ഫാൻ സോണും സാംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഒരേ ദിവസം ഒന്നിലധികം മത്സരങ്ങൾ കാണാൻ കഴിയുന്ന ഡേ പാസിന് 20 ഖത്തർ റിയാൽ മുതലാണ് നിരക്ക്. ഭിന്നശേഷിക്കാരായ ആരാധകർക്കായി വീൽചെയർ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ഡിസംബർ 13-ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം. ലോകഫുട്‌ബോളിലെ ഭാവി താരങ്ങളെ കണ്ടെത്താനുള്ള കൗമാര കാൽപ്പന്തുത്സവത്തിന് ഖത്തർ ഒരുങ്ങിക്കഴിഞ്ഞു.