ഗ​സ്സ​യി​ൽ ഖ​ത്ത​റി​ന്റെ സ​ഹാ​യം; ഫാ​ദ​ർ അ​മീ​ർ ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി ഹോ​സ്പി​റ്റ​ൽ പു​ന​രാ​രം​ഭി​ച്ചു

 

ഗസ്സയിലെ ജനങ്ങൾക്ക് ആശ്വാസമായി ഖത്തറിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന 'ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി ഹോസ്പിറ്റൽ ഫോർ റീഹാബിലിറ്റേഷൻ ആൻഡ് പ്രോസ്തെറ്റിക്സ്' പ്രവർത്തനം പുനരാരംഭിച്ചു. വടക്കൻ ഗസ്സയിൽ യുദ്ധത്തിൽ പരിക്കേറ്റവർക്കും ഭിന്നശേഷിക്കാർക്കും ചികിത്സ നൽകുന്ന പ്രധാന കേന്ദ്രമാണിത്. ഇസ്രായേൽ സൈനിക നടപടികളെത്തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ആശുപത്രിയുടെ സേവനങ്ങൾ നിർത്തിവെക്കേണ്ടി വന്നിരുന്നു.

യുദ്ധം സൃഷ്ടിച്ച കടുത്ത വെല്ലുവിളികൾക്കിടയിലും മാനുഷികമായ ഉത്തരവാദിത്തം മുൻനിർത്തിയാണ് പ്രവർത്തനം തുടങ്ങുന്നതെന്ന് ആശുപത്രി ബോർഡ് ചെയർമാനും ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ് ഡയറക്ടർ ജനറലുമായ ഫഹദ് ഹമദ് അൽ സുലൈതി പറഞ്ഞു. വടക്കൻ ഗസ്സയിലെ നിലവിൽ ലഭ്യമായ ഏക സി.ടി സ്കാനർ സംവിധാനം സജ്ജമാക്കിയാണ് ആശുപത്രി വീണ്ടും തുറന്നത്. വരും ദിവസങ്ങളിൽ കൃത്രിമ അവയവങ്ങൾ നിർമ്മിക്കുന്ന പ്രോസ്തെറ്റിക്സ് വിഭാഗം, ഫിസിക്കൽ റീഹാബിലിറ്റേഷൻ തുടങ്ങിയവ കൂടി പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകും.

ജനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ കണക്കിലെടുത്ത് തെക്കൻ ഗസ്സയിലും ആശുപത്രിയുടെ ഒരു പുതിയ ശാഖ ആരംഭിക്കാൻ പദ്ധതിയുണ്ട്. 2019-ൽ പ്രവർത്തനം ആരംഭിച്ചത് മുതൽ ഏകദേശം 52,000 പേർക്ക് ഈ ആശുപത്രി വഴി ചികിത്സ ലഭ്യമായിട്ടുണ്ട്. 2025 മാർച്ചിന് ശേഷം മാത്രം നൂറോളം പേർക്ക് കൃത്രിമ അവയവങ്ങൾ നൽകി. ഫലസ്തീൻ ജനതയുടെ ദുരിതം ലഘൂകരിക്കാൻ ഖത്തർ നൽകിവരുന്ന തുടർച്ചയായ പിന്തുണയുടെ ഭാഗമായാണ് ഈ നടപടി.