ഖത്തർ അമീർ റിയാദിലെത്തി, സൗദി കിരീടാവകാശി സ്വീകരിച്ചു
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സൗദി തലസ്ഥാനമായ റിയാദിൽ എത്തി. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഖത്തർ അമീറിനെ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നേരിട്ടെത്തി സ്വീകരിച്ചു. റിയാദിൽ ആരംഭിച്ച ഖത്തർ-സൗദി കോഓർഡിനേഷൻ കൗൺസിലിന്റെ എട്ടാമത് യോഗത്തിൽ പങ്കെടുക്കുന്നതിനായാണ് അമീറിന്റെ സന്ദർശനം. ഇരു നേതാക്കളുടെയും സംയുക്ത അധ്യക്ഷതയിലാണ് സുപ്രധാനമായ ഈ യോഗം നടക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക, സഹകരണ മേഖലകളുടെ വ്യാപ്തി വർദ്ധിപ്പിക്കുക, സൗഹൃദം ഊട്ടിയുറപ്പിക്കുക എന്നിവയാണ് സന്ദർശനത്തിന്റെയും യോഗത്തിന്റെയും പ്രധാന ലക്ഷ്യങ്ങൾ. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം കൂടുതൽ വിശാലമായ തലത്തിലേക്ക് ഉയർത്താനും സംയുക്ത സഹകരണത്തിനുള്ള പുതിയ അവസരങ്ങൾ കണ്ടെത്താനും ഈ കൂടിക്കാഴ്ച സഹായിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഈ യോഗത്തിൽ നിരവധി സഹകരണ കരാറുകൾ ഒപ്പുവെക്കാനും സാധ്യതയുണ്ട്. റിയാദിൽ ഗൾഫ് സഹകരണ കൗൺസിലിന്റെ (ജി.സി.സി.) എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്നതിന് ദിവസങ്ങൾക്ക് ശേഷമാണ് ഖത്തർ അമീറിന്റെ ഈ സുപ്രധാന സന്ദർശനം.