മേഖലയിലെ സംഘർഷം: ലോകനേതാക്കളുമായി ടെലിഫോണിൽ ചർച്ച നടത്തി ഖത്തർ അമീർ
മേഖലയിൽ ഇറാൻ തുടരുന്ന സൈനിക നീക്കങ്ങളുടെയും ആക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വിവിധ ലോകനേതാക്കളുമായി ചർച്ച നടത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരുമായി അമീർ ഫോണിൽ സംസാരിച്ചു. നിലവിലെ സംഭവവികാസങ്ങളും മേഖലയിലെ സുരക്ഷാ വെല്ലുവിളികളും അമീർ നേതാക്കളുമായി പങ്കുവെച്ചു.
മേഖലയിലെ അസ്ഥിരത അന്താരാഷ്ട്ര സുരക്ഷയെയും സമാധാനത്തെയും ദോഷകരമായി ബാധിക്കുമെന്ന് ഡൊണാൾഡ് ട്രംപുമായുള്ള സംഭാഷണത്തിനിടെ അമീർ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ഖത്തറിന്റെ പരമാധികാരവും ദേശീയ താൽപ്പര്യങ്ങളും സംരക്ഷിക്കാൻ ആവശ്യമായ പ്രതിരോധം ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു. നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്ന് ഇരുനേതാക്കളും ആവശ്യപ്പെട്ടു.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ ചർച്ചയിൽ, മേഖലയിലെ സൈനിക നീക്കങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ഇരുനേതാക്കളും ആഹ്വാനം ചെയ്തു. ഖത്തറിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും യു.എ.ഇ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. തിരിച്ചും യു.എ.ഇയുടെ സുരക്ഷയ്ക്കായി ഖത്തർ കൂടെയുണ്ടാകുമെന്ന് അമീർ ഉറപ്പുനൽകി. പ്രതിസന്ധി നേരിടാൻ ഇരുരാജ്യങ്ങളും തമ്മിലുള്ള ഏകോപനം ശക്തമാക്കാൻ തീരുമാനിച്ചു.
ഖത്തറിന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, നിലവിലെ സാഹചര്യം മേഖലയുടെ സ്ഥിരതയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി. ഊർജ്ജ വിതരണവും സമുദ്രപാതകളിലെ നാവിക സ്വാതന്ത്ര്യവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം നേതാക്കൾ ആവർത്തിച്ചു. പ്രതിരോധ മേഖലയിലെ സഹകരണം കൂടുതൽ ശക്തമാക്കാനും നയതന്ത്ര മാർഗങ്ങൾക്ക് മുൻഗണന നൽകാനും ചർച്ചയിൽ ധാരണയായി.