ശ​വ്വാ​ൽ മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ ഖത്തർ ഔ​​ഖാ​ഫ് മ​ന്ത്രാ​ല​യത്തിന്റെ ആ​​ഹ്വാ​നം

 

ഖത്തറിൽ ശ​വ്വാ​ൽ മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ ഇ​സ്‌ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​മാ​യ ഔ​ഖാ​ഫ് വിശ്വാസികളോട് ആ​​ഹ്വാ​നം ചെ​യ്തു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​കു​ന്ന​വ​ർ അ​ൽ ദ​ഫ്‌​ന പ്ര​ദേ​ശ​ത്തെ മ​ന്ത്രാ​ല​യ ആ​സ്ഥാ​ന​ത്തെ​ത്തി വിവരം അ​റി​യി​ക്ക​ണം. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് മ​ഗ്‌​രി​ബ് ന​മ​സ്കാ​ര​ത്തി​നു ശേ​ഷം മാ​സ​പ്പി​റ​വി നി​രീ​ക്ഷ​ണ സ​മി​തി യോ​ഗം ചേ​ർന്ന് അന്തിമ തീരുമാനമെടുക്കും.

അ​തേ​സ​മ​യം, ​ഗോ​ള​ശാ​സ്ത്ര ക​ണ​ക്കു​കൂടുകൾ പ്രകാരം ഇ​ത്ത​വ​ണ റ​മ​ദാ​ൻ 30 ദി​വ​സം പൂ​ർ​ത്തി​യാ​ക്കി മാ​ർ​ച്ച് 20 വെ​ള്ളി​യാ​ഴ്ച ചെ​റി​യ പെ​രു​ന്നാ​ൾ ആ​വാ​നാണ് കൂടുതൽ സാ​ധ്യ​ത​യെന്ന് ഖ​ത്ത​ർ ക​ല​ണ്ട​ർ ഹൗ​സ് അ​റി​യി​ച്ചു. എ​ന്നാ​ൽ, ബുധനാഴ്ച വൈകീട്ട് മാ​സ​പ്പി​റ​വി ദൃശ്യമാകുമോ എന്നതിനെ അ​ടി​സ്ഥാ​ന​പ്പെ​ടുത്തിയാകും നി​രീ​ക്ഷ​ണ സ​മി​തി ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക. മാസപ്പിറവി കാണാത്ത പക്ഷം വ്യാഴാഴ്ച റമദാൻ 30 പൂർത്തിയാക്കി വെള്ളിയാഴ്ച ഈദുൽ ഫിത്തർ ആഘോഷിക്കും.