ലോക ഭക്ഷ്യസുരക്ഷാ ദിനം: ബോധവൽക്കരണ പരിപാടികളുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

 

ജൂൺ 7 ഞായറാഴ്ച ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) ലോക ഭക്ഷ്യസുരക്ഷാ ദിനമായി ആചരിക്കുന്നു. രാജ്യത്തെ ഭക്ഷ്യസുരക്ഷാ സംവിധാനം കൂടുതൽ ശക്തമാക്കുന്നതിനും പൊതു-സ്വകാര്യ മേഖലകളിലെ പങ്കാളികളുമായും സമൂഹവുമായും സഹകരിച്ച് എല്ലാവർക്കും സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ആചരണം. 'ബാധ്യതയിൽ നിന്നും പരിഹാരങ്ങളിലേക്ക് - എവിടെയും സുരക്ഷിത ഭക്ഷണം ' (From burden to solutions - safe food everywhere) എന്നതാണ് ഇത്തവ​ണത്തെ പ്രമേയം.

ദിനാചരണത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷയുടെയും ശുചിത്വത്തിന്റെയും അടിസ്ഥാന തത്ത്വങ്ങളെ കേന്ദ്രീകരിച്ച് വിപുലമായ ബോധവൽക്കരണ കാമ്പെയ്‌ന് മന്ത്രാലയം തുടക്കം കുറിച്ചിട്ടുണ്ട്. ദേശീയ ഭക്ഷ്യസുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനൊപ്പം സമൂഹത്തിൽ ഭക്ഷ്യസുരക്ഷാ സംസ്കാരം വളർത്തിയെടുക്കുകയുമാണ് ഈ കാമ്പെയ്‌ന്റെ പ്രധാന ലക്ഷ്യം.

ഭക്ഷ്യജന്യ രോഗങ്ങൾ (Foodborne diseases) ഉണ്ടാക്കുന്ന പ്രധാന വെല്ലുവിളികളെക്കുറിച്ചും അവ തടയുന്നതിൽ ഭക്ഷ്യസുരക്ഷാ സംവിധാനത്തിന്റെ പങ്കിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി മന്ത്രാലയം പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഇതോടൊപ്പം, മന്ത്രാലയത്തിന്റെ 'ഫുഡ് എസ്റ്റാബ്ലിഷ്‌മെന്റ് ക്ലാസിഫിക്കേഷൻ പ്രോഗ്രാമിന്' കീഴിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഭക്ഷ്യസ്ഥാപനങ്ങളെ ചടങ്ങിൽ ആദരിക്കും. ഇത്തരം സ്ഥാപനങ്ങളുടെ മികച്ച പ്രവർത്തനങ്ങൾ മറ്റുള്ളവർക്കും മാതൃകയാക്കാൻ പ്രേരിപ്പിക്കുന്നതിനാണ് ഈ പുരസ്കാര വിതരണം.

ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നവർക്കായും (Food handlers) ആരോഗ്യമേഖലയിലെ ജീവനക്കാർക്കായും മന്ത്രാലയം പ്രത്യേകം വെർച്വൽ പരിശീലന വർക്ക്‌ഷോപ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഭക്ഷ്യവിഷബാധ കേസുകൾ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും അവയെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തുന്നതിനും ഈ വർക്ക്‌ഷോപ്പുകൾ സഹായകരമാകും. ലോക ഭക്ഷ്യസുരക്ഷാ ദിനാചരണത്തിൽ പങ്കുചേരുന്നതിന്റെ പ്രതീകമായി പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ആസ്ഥാന മന്ദിരം ഞായറാഴ്ച ഓറഞ്ച് വെളിച്ചത്തിൽ പ്രകാശിപ്പിക്കും.

ആഗോളതലത്തിൽ പ്രതിവർഷം 600 ദശലക്ഷത്തോളം ആളുകൾ മലിനമായ ആഹാരം കഴിച്ച് രോഗബാധിതരാകുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ (WHO) കണക്ക്. ഈ സാഹചര്യം മുൻനിർത്തി ഖത്തറിലുടനീളം സുരക്ഷിതവും സുസ്ഥിരവുമായ ഭക്ഷ്യസുരക്ഷാ പരിഹാരങ്ങൾ നടപ്പിലാക്കുന്നതിനായി മന്ത്രാലയത്തിന് കീഴിലുള്ള ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് നിരീക്ഷണം, അപകടസാധ്യത വിലയിരുത്തൽ, കർശനമായ പരിശോധനകൾ എന്നിവ കൃത്യമായി നടത്തിവരുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.