ഖത്തറിന്റെ ദേശീയ ഡെബിറ്റ് കാർഡ് 'ഹിംയാൻ' ഇനി ഒമാനിലും ഉപയോഗിക്കാം

 

ഖത്തറിന്റെ ദേശീയ പേയ്‌മെന്റ് കാർഡായ 'ഹിംയാൻ' ഇനി ഒമാനിലും ഉപയോഗിക്കാം. ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനുമായി ഖത്തർ നടപ്പാക്കുന്ന മൂന്നാമത് ഫിനാൻഷ്യൽ സെക്ടർ സ്ട്രാറ്റജിയുടെ ഭാഗമായാണ് ഈ നടപടി. ഹിംയാൻ കാർഡ് ഉടമകൾക്ക് ഒമാനിലെ അംഗീകൃത വ്യാപാര സ്ഥാപനങ്ങളിലും എ.ടി.എമ്മുകളിലും കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാനും പണം പിൻവലിക്കാനും സാധിക്കും. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കിയാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നതെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു.

സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നിലവിൽ ഹിംയാൻ കാർഡ് ഉപയോഗത്തിലുണ്ട്. ഇതിന് പിന്നാലെയാണ് സേവനം ഒമാനിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. ഇതോടെ ഗൾഫ് രാജ്യങ്ങൾക്കിടയിൽ യാത്ര ചെയ്യുന്ന കാർഡ് ഉടമകൾക്ക് കൂടുതൽ സുഗമവും സുരക്ഷിതവുമായ പണമിടപാട് സൗകര്യങ്ങൾ ലഭ്യമാകും. രാജ്യത്തെ പേയ്‌മെന്റ് സംവിധാനങ്ങൾ ആധുനികവൽക്കരിക്കുന്നതിനും മേഖലാതലത്തിലുള്ള സാമ്പത്തിക ഏകീകരണം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഖത്തർ സെൻട്രൽ ബാങ്കിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നേട്ടമെന്നും അധികൃതർ വ്യക്തമാക്കി.