ഖത്തർ റാസ് ലഫാൻ സ്‌ഫോടനം; 54 പേർക്ക് പരിക്ക്, 18 പേരെ കാണാതായി

 

ഖത്തറിലെ പ്രധാന വ്യവസായ നഗരമായ റാസ് ലഫാനിലെ സ്‌ഫോടനത്തിൽ 54 പേർക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. സംഭവത്തിൽ 18 പേരെ കാണാതായതായും അധികൃതർ അറിയിച്ചു. ഇന്നലെ പുലർച്ചെ ബർസാൻ പ്രാദേശിക ഗ്യാസ് വിതരണ കേന്ദ്രത്തിലാണ് സ്‌ഫോടനവും തുടർന്ന് തീപിടുത്തവും ഉണ്ടായത്. പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കുന്ന ഘട്ടത്തിൽ ഉണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിശദീകരണം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) ഉൽപാദന-കയറ്റുമതി കേന്ദ്രങ്ങളിലൊന്നാണിത്. 

സംഭവസ്ഥലത്ത് ഉടൻ തന്നെ അടിയന്തര രക്ഷാപ്രവർത്തന സംഘങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. തുടർന്ന് കാണാതായവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കി.ഇൻറേണൽ സെക്യൂരിറ്റി ഫോഴ്സിന്റെ കീഴിലുള്ള ഖത്തർ അന്താരാഷ്ട്ര തിരച്ചിൽ-രക്ഷാ സംഘവും സിവിൽ ഡിഫൻസ് ടീമുകളും ചേർന്ന് സംയുക്തമായാണ് ഇപ്പോൾ പ്രവർത്തനങ്ങൾ നടത്തുന്നത്. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.പ്ലാന്റിൽ പ്രകൃതിവാതക ചോർച്ചയൊന്നും ഉണ്ടായിട്ടില്ലെന്നും പൊതുജനങ്ങൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഖത്തർ എനർജി പ്രസ്താവനയിലൂടെ വ്യക്തമാക്കി.