യു.എ.ഇയിൽ വരും ദിവസങ്ങളിൽ മഴയ്ക്കും ശക്തമായ പൊടിക്കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം

 

യു.എ.ഇയിൽ വരും ദിവസങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. ഇന്ന് രാജ്യത്തിന്റെ തെക്ക്-കിഴക്കൻ പ്രദേശങ്ങളിൽ ഉച്ചകഴിഞ്ഞുള്ള സമയങ്ങളിൽ മഴയെത്താനാണ് സാധ്യത.

അതോടൊപ്പം പടിഞ്ഞാറൻ പ്രദേശങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള മിതമായതോ ശക്തമായതോ ആയ കാറ്റ് വീശിയടിച്ചേക്കാം. ഇത് ശക്തമായ പൊടിക്കാറ്റായി മാറി റോഡുകളിൽ കാഴ്ചപരിധി (Visibility) ഗണ്യമായി കുറയുന്നതിന് കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അറേബ്യൻ ഗൾഫ് മേഖലയിൽ വൈകുന്നേരത്തോടെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവരും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ താപനില 43 ഡിഗ്രി സെൽഷ്യസ് മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും രേഖപ്പെടുത്തുക.

അതേസമയം, വെള്ളിയാഴ്ച മുതൽ താപനിലയിൽ നേരിയ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയും തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും കനത്ത മൂടൽമഞ്ഞിന് (Fog) സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഞായറാഴ്ച പുലർച്ചെയും സമാനമായ രീതിയിൽ മൂടൽമഞ്ഞ് അനുഭവപ്പെട്ടേക്കാം. വാരാന്ത്യത്തിലുടനീളം (Weekend) ഇതേ കാലാവസ്ഥ തുടരും. തിങ്കളാഴ്ചയോടെ രാജ്യത്ത് വടക്ക്-പടിഞ്ഞാറൻ ദിശയിൽ നിന്ന് ശക്തമായ കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ പടിഞ്ഞാറൻ മേഖലകളിൽ വീണ്ടും കടുത്ത പൊടിക്കാറ്റ് രൂപപ്പെട്ടേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.